കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം.
മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്.
മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദർ കെയർ ഹോസ്പിറ്റലിലുമാണ്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സിമൻ്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.