Pala

ഒ.പി. ക്യൂ ഒഴിവാക്കുവാൻ ഇ-ഹെൽത്തിൽ രജിസ്ട്രേഷൻ നടത്തുക; പുതിയ സ്പെഷ്യാലിറ്റി ഒ പികൾ ആരംഭിക്കും: ആശുപത്രി വികസന സമിതി

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ 2 കോടിയിൽപരം രൂപ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ആശുപത്രി വികസന സമിതി യോഗത്തിൽ അറിയിച്ചു.

ഇതിനോടകം ടെൻഡർ ചെയ്ത പണികൾ ഉടൻ ആരംഭിക്കും’ ആശുപത്രി ജീവനക്കാരുടെ ജോലി സമയ കൃത്യത ഉറപ്പാക്കുവാൻ ബയോമെട്രിക് പഞ്ചിംഗ്‌ സിസ്റ്റം നടപ്പാക്കും.ഇ-ഫയൽ സിസ്റ്റം നടപ്പാക്കി കടലാസ് രഹിത ഓഫീസ് ആക്കി മാറ്റും. ഫയലുകളുടെ സൂക്ഷിപ്പ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും.

ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ എത്രയും വേഗം ഇ-ഹെൽത്തിൽ രജിസ്റ്റർ ചെയ്ത് യു.എച്ച്.ഐ.ഡി കാർഡ് എടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അഭ്യർത്ഥിച്ചു. പനിരോഗങ്ങൾ, വർദ്ധിച്ചതോടെ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയും ഒ.പി. ടിക്കറ്റിനായി വലിയ ക്യൂ രൂപപ്പെടുകയുമാണ്.

ഇ – ഹെൽത്ത് രജിസ്ട്രേഷന് ആശുപത്രി ഒ.പി. കൗണ്ടറിനു സമീപം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി സൂപ്രണ്ട് പറഞ്ഞു. ഇതിനായി ആധാർ നമ്പറുമായി എത്തിയാൽ മാത്രം മതിയാവും.രജിസ്ട്രേഷൻ എടുത്തു കഴിഞ്ഞാൽ ഡോക്ടറെ കാണുന്നതിനായുള്ള ടോക്കൺ രോഗിക്ക് വീട്ടിലിരുന്ന് തന്നെ എടുക്കാം. ആശുപത്രിയിലെത്തി ക്യൂ നിൽകേണ്ടതില്ല.

ഇന്ന് ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പദ്ധതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നേത്രശസ്ത്രക്രിയാ തീയേറ്റർ നവീകരിച്ച് ഉടൻ തന്നെ നേത്രശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് സുപ്രണ്ട് അറിയിച്ചു.

പി.ജി ഡിഗ്രിയുള്ള സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രത്യേക ചികിത്സാ വിഭാഗങ്ങളിൽ കൂടുതൽ ഒ.പികൾ ആരംഭിക്കും. നെഫ്രോളജി വിഭാഗo ഒ.പി. ആഴ്ച്ചയിൽ 3 ദിവസം തുടങ്ങും. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചീകരണ ജോലികൾക്ക് കുടുംബശ്രീയിൽ നിന്നും ജീവനക്കാരെ നിയോഗിക്കും.

ആശുപത്രിയിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിലേക്ക് എംപ്ലോയ്‌മെൻ്റ് എക്സേഞ്ച് വഴി ഓരോ വിഭാഗത്തിലേക്കും സെലക്ഷൻ ലിസ്റ്റ് മുൻകൂർ തയ്യാറാക്കും. ക്യാൻസർ വിഭാഗത്തിനായി റോഡിയേഷൻ ചികിത്സ ആരംഭിക്കുന്നതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും.സർജറി വിഭാഗത്തിന് ആരോഗ്യ വകുപ്പ് നൽകിയ അവാർഡ് ചെയർമാൻ സമ്മാനിച്ചു.

ആശുപത്രി വികസന സമിതി യോഗത്തിൽ നഗരസഭാ ചെയർമാൻ ഷാജു – വി.തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി, കൗൺസിലർ പി.എ.ലിസികുട്ടി, ബിജി ജോജോ, മായാപ്രദീപ്, ഷാർളി മാത്യു, പി.കെ.ഷാജകുമാർ, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം, പീറ്റർ പന്തലാനി, ബിനീഷ് ചൂണ്ടച്ചേരി,ജോസ് കുറ്റിയാനിമറ്റം, രമേശ് ബാബു, ബിബിൻ പള്ളി കുന്നേൽ, ആർ.എം.ഒ.ഡോ. രേഷ്മ സുരേഷ്, ഡോ.എം. അരുൺ, ലേ സെക്രട്ടറി ശ്രീകുമാർ എന്നിവർ നിർദ്ദേശങ്ങൾ ഉന്നയിച്ചു

Leave a Reply

Your email address will not be published. Required fields are marked *