പാലാ: നിർധനരും സാധാരണക്കാരും ചികിത്സ തേടുന്ന കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രമായ പാലാ കെ.എം.മാണി മെമ്മോറിയൽ ഗവ.ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു.
നിരവധി സ്പെഷ്യാലിററി വിഭാഗങ്ങൾ ഉള്ളതും നവീനമായതും പുതിയ ബഹുനില കെട്ടിട സമുച്ചയങ്ങൾ ഉള്ളതുമായ ഏക സർക്കാർ ആശുപത്രിയാണ് പാലാ ജനറൽ ആശുപത്രി . 341 കിടക്ക സൗകര്യമുള്ള ആശുപത്രിയിലെ ഗുണനിലവാരവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഉള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡാർഡ് (എൻ.ക്യു.എ.എസ്) പ്രകാരമുള്ള നിബന്ധനങ്ങൾ പാലിച്ചാണ് അംഗീകാരം ലഭ്യമാകുക എന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക ശുപാർശ നൽകി കഴിഞ്ഞു. 50-ൽ ഡോക്ടർമാരും നിരവധി സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങളും ഉള്ള ആശുപത്രി സേവനങ്ങൾ കുറ്റമറ്റതാക്കുവാനും ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുവാനും ഇതോടെ കഴിയും.
രോഗീപരിചരണം, ക്ലിനിക്കൽ സർവ്വീസ് ,ഗുണമേന്മാ മാനേജ്മെൻ്റ്, ഇൻഫെക്ഷൻ കൺട്രോൾ പാരസൈറ്റ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭ്യമാവുക എന്ന് ജോസ്.കെ.മാണി എം.പി.അറിയിച്ചു.
അംഗീകാരം ലഭിക്കുന്ന പക്ഷം 50 ലക്ഷം രൂപ നവീകരണത്തിനും പരിപാലനത്തിനുമായി ആശുപത്രിക്ക് മാത്രമായി ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അംഗീകാരത്തിനായുള്ള തുടർ നടപടികൾ ആരംഭിക്കുവാൻ അദ്ദേഹം അധികൃതരോട് നിർദ്ദേശിച്ചു. നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകൾ നടപ്പാക്കി ശുപാർശ ചെയ്യപ്പെടുന്ന പക്ഷം അംഗീകാരം ലഭ്യമാക്കുവാൻ കഴിയുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ഇതോടൊപ്പം മറ്റ് ചികിത്സാ വിഭാഗങ്ങളിൽ കൂടുതൽ ആധുനിക രോഗ നിർണ്ണയ ഉപകരണങ്ങളും എത്തിക്കും. ഡയാലിസിസ് വിഭാഗത്തിൽ കൂടുതൽ മെഷീനുകളും എക്സറേ വിഭാഗത്തിൽ പുതിയ ഡിജിറ്റൽ എക്സറേ മിഷീനും, ക്യാൻസർ വിഭാഗത്തിൽ മാമോഗ്രാമും ലഭ്യമാക്കുന്നതിനും അധികൃതരുമായി ചർച്ച നടത്തിയിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന രക്ത ബാങ്കിനായും ശ്രമിക്കുന്നുണ്ട്. ആശുപത്രി ലാബ് നവീകരണത്തിനായും സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനും ഇടപെടൽ നടത്തുന്നതായും ജോസ്.കെ.മാണി അറിയിച്ചു.
കെ.എം.മാണി ഫൗണ്ടേഷൻ്റെ ഡയാലിസിസ് കിററ് വിതരണത്തിനായി ആശുപത്രിയിലെത്തിയ അദ്ദേഹം മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായും ആശുപത്രി അധികൃതരുമായും ചർച്ച നടത്തി. മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ, സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഡോ.പി.എസ്.ശബരിനാഥ്, ഡോ.സോളി മാത്യു, ഡോ.എം.അരുൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജി ജോ ജോ ,ബിജു പാലൂപടവൻ, ജയ്സൺ മന്തോട്ടം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.