cപാലാ : ലോറിയില്‍ കൊണ്ടുപോയ ഹിറ്റാച്ചി താഴെവീണുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി സന്ധിക്കുന്ന ആര്‍വി ജംങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ഹിറ്റാച്ചി റോഡിൽ പതിച്ചതിനേത്തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടായി.
ഓട്ടോ ഡ്രൈവര്‍ വളളിച്ചിറ ആര്യപ്പാറയില്‍ ദീപു (45) വിനാണ് പരിക്കേറ്റത്. ഇയാൾ പാലാ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. അരുണാപുരം ഭാഗത്തുനിന്ന് ബൈപ്പാസിലൂടെ ഇറക്കമിറങ്ങി വരികയായിരുന്ന ഹിറ്റാച്ചി കയറ്റിയ ലോറി. ജംങ്ഷനില്‍ തിരക്കായിരുന്നതിനാല്‍ വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങിയിരുന്നത്.
ഹിറ്റാച്ചി കയറ്റിയ ലോറി പാലാ-കോഴ റോഡ് മറികടക്കുമ്പോള്‍ കാറിലും ഓട്ടോയിലും തട്ടുകയായിരുന്നു. ഇതിനിടയില്‍ ലോറിയില്‍നിന്ന് ഹിറ്റാച്ചി താഴെവീണു. ഇതോടൊപ്പം ലോറിയില്‍നിന്ന് പുറത്തേക്ക് വീണ കയറില്‍ ഓട്ടോ റിക്ഷായുടെ ചക്രങ്ങള്‍ കുരുങ്ങി. തുടർന്ന് ലോറി ഓട്ടോയേയും വലിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി. ഇതിനിടയില്‍ നിലത്ത് ഉരഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ ദീപുവിന് പരിക്കേറ്റത്. സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ആര്‍വി ജംങ്ഷനില്‍ ഗതാഗതം സ്തംഭിച്ചു.





