Ramapuram

മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി

രാമപുരം: പുസ്തകത്താളുകളിലെ കൃഷിപാഠങ്ങൾ വിട്ട് വയലേലകളിലേക്ക് ഇറങ്ങി മാതൃകയായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ.

സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സീറോ ബഡ്ജറ്റ് കൃഷി പദ്ധതിയുടെ ഭാഗമായി കൊണ്ടാട് ചുരവേലി പാടത്ത് സംഘടിപ്പിച്ച മുണ്ടകൻ കൃഷി ഞാറ് നടീൽ വിദ്യാർത്ഥികൾക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വോളന്റിയർമാർക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന സമഗ്ര കാർഷിക പരിശീലന പദ്ധതിയാണ് ഇത്.

കോട്ടയം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ഷിബി മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. രാമപുരം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു പനങ്ങാട്ട്, പ്രിൻസിപ്പൽ ശ്രീ. ഡീറ്റോ സെബാസ്റ്റ്യൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ. മെൽവിൻ കെ. അലക്സ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. നെൽസൺ അലക്സ്, വാർഡ് മെമ്പർ ശ്രീമതി. മിനി റ്റി. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം ഓഫീസർ മെൽവിൻ കെ. അലക്സ് കൃഷി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രമുഖ പ്രകൃതി കർഷകൻ ശ്രീ. മധു ചൂരവേലിൽ കുട്ടികൾക്ക് കൃഷിക്കാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങളും മാർഗനിർദേശങ്ങളും പകർന്നുനൽകി.

സുഭാഷ് പാലേക്കറുടെ പ്രകൃതിസൗഹൃദ ‘സീറോ ബഡ്ജറ്റ്’ കൃഷിരീതി അവലംബിച്ചാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. പൂർണ്ണമായും രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി, നാടൻ പശുവിന്റെ ചാണകം, ഗോമൂത്രം എന്നിവ ചേർത്തുണ്ടാക്കുന്ന ജീവാമൃതവും പ്രകൃതിദത്ത വളക്കൂട്ടുകളുമാണ് മണ്ണിൽ പ്രയോഗിക്കുന്നത്. വിഷമില്ലാത്ത നാളേക്കായി മണ്ണും വിത്തും ഒരുക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ ഇതിലൂടെ നേരിട്ട് മനസ്സിലാക്കി.

ക്ലാസ് മുറികളിലെ നാലുചുവരുകൾക്കുള്ളിൽ നിന്ന് ചേറിലിറങ്ങിയ വോളന്റിയർമാർക്ക് ഇത് നവ്യാനുഭവമായി. ഞാറ്റുവേല പാട്ടുകളുടെ ഈണവും താളവും നെഞ്ചിലേറ്റി, പരിചയസമ്പന്നരായ കർഷകരെപ്പോലെ വരിതെറ്റാതെ ഞാറുനടാൻ വിദ്യാർത്ഥികൾ മത്സരിച്ചു.

പാദങ്ങളിൽ ചേറുതൊട്ടപ്പോൾ ആദ്യമുണ്ടായ സങ്കോചങ്ങൾ മറന്ന്, കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം തൊട്ടറിയാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഓരോ വിദ്യാർത്ഥിയും. അന്നം തരുന്ന മണ്ണിന്റെ വിലയും ഒരുമണി നെല്ലിനു പിന്നിലെ കർഷകന്റെ വിയർപ്പും തിരിച്ചറിഞ്ഞ ദിനമായി ഇത് മാറി. എല്ലാ എൻ.എസ്.എസ് വോളന്റിയർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *