Ramapuram

കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തീനോസ് കോളേജ്

രാമപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിസ്വാർത്ഥ സേവനം നടത്തുന്ന ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാതൃകയായി.

നവംബർ 2-ന് രാവിലെ 10.30-ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷച്ചടങ്ങിലാണ് രാമപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചത്.

മാലിന്യമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യശേഖരണത്തിലും സംസ്കരണത്തിലും നിർണായക പങ്കുവഹിക്കുന്ന ഹരിതകർമ്മസേനാംഗങ്ങളുടെ സേവനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനവും പുരോഗതിയും കെട്ടിടങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും ശുചിത്വബോധവും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കുന്ന സാധാരണ മനുഷ്യരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളിലാണ് യഥാർത്ഥ കേരളീയ മാതൃക നിലകൊള്ളുന്നതെന്നും മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു.

കേരളപ്പിറവി വെറുമൊരു ആഘോഷദിനമല്ല, മറിച്ച് നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി നിശ്ശബ്ദമായി പ്രവർത്തിക്കുന്ന യഥാർത്ഥ കർമ്മയോഗികളെ തിരിച്ചറിയാനും ആദരിക്കാനുമുള്ള അവസരം കൂടിയാണെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ കോളേജ് സമൂഹത്തിന് നൽകിയത്.
വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുന്നതിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാനും ഈ പരിപാടി വഴിയൊരുക്കി.

കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു ,ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, ഹരിതകർമ്മസേനാ പ്രതിനിധി രാജി സുനിൽ, സ്റ്റാഫ് കോറിനേറ്റർ മാരായ സുനിൽ കെ ജോസഫ്, ഷീബാ തോമസ്, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *