പാലാ: വർഷങ്ങൾക്ക് മുൻപ് എല്ലാ പണികളും തീർത്ത് പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലുള്ള മിനി സി വിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ അടുത്ത ആഴ്ച്ചയിൽ ആളനക്കം ഉണ്ടാവും.ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നു.
വാടക കെട്ടിടത്തിലും സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി കഴിയുന്നതുമായ സർക്കാർ ഓഫീസുകൾക്കായിട്ടാണ് പാലാ- കുറവിലങ്ങാട് റോഡിൽ നെല്ലിയാനി ജംഗ്ഷനിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശം ഉണ്ടായിരുന്ന ഭൂമി പ്രയോജനപ്പെടുത്തി പുതിയ മന്ദിരം നിർമ്മിച്ചത്.
ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി പ്രത്യേക താത്പര്യമെടുത്ത് ഭരണാനുമതി നൽകിയാണ് ഇവിടെ മന്ദിരം നിർമ്മിച്ചത്. മൂന്ന് നിലകളിലായി വിഭാവനം ചെയ്ത മന്ദിരത്തിൻ്റെ അടി നില മാത്രമാണ് നിർമ്മിക്കപ്പെട്ടത്.
ഇവിടേയ്ക്ക് മാറ്റപ്പെടേണ്ട ഓഫീസുകൾ നേരത്തെ നിശ്ചയിക്കപ്പെടുകയും കൈമാറ്റപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ഓഫീസുകൾ ഇവിടേയ്ക്ക് മാറ്റുവാൻ അധികൃതർ ഓരോ കാരണം പറഞ്ഞ് ഒഴിവായിക്കൊണ്ടിരുന്നു.
ഇനി മാറാതിരിക്കാനാവില്ല. സർക്കാർ കെട്ടിടം ലഭ്യമായിരിക്കവെ വാടക നൽകിയുള്ള കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം തുടരുന്നത് ചട്ടവിരുദ്ധമാണ്.മാറുവാൻ വൈകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ കൈയ്യിൽ നിന്നും വാടകതുക ഈടാക്കുകയും ചെയ്യുo. ഓഫീസ് മാറ്റക്കാര്യത്തിൽ വർഷങ്ങളായി ജനപ്രതിനിധികളും താത്പര്യം കാണിച്ചിരുന്നില്ല. വെള്ളമില്ലെന്നും വൈദ്യുതി ഇല്ലെന്നു മായിരുന്നു കഴിഞ്ഞ വർഷം വരെ കാരണം കണ്ടെത്തിയിരുന്നത്.
പരാതി പരിഹാര അദാലത്തുകളിൽ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വെള്ളവും വൈദ്യുതിയും കഴിഞ്ഞ വർഷം റവന്യൂ വകുപ്പ് ലഭ്യമാക്കി പ്രതിമാസ ചാർജുകൾ അടച്ചു വരികയായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഓഫീസ് മാറാം നടപ്പാക്കുവാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും നടപ്പായില്ല.
മോട്ടോർ വാഹന വകുപ്പിൻ്റെയും റവന്യൂ വകുപ്പിൻ്റെയും അളവ് തൂക്കവിഭാഗത്തിൻ്റെയും ഓഫീസുകളാണ് ഇവിടേയ്ക്ക് മാറ്റപ്പെടേണ്ടിയിരുന്നത്. സർക്കാർ കെട്ടിടം ഉണ്ടായിട്ടും മാസം തോറും ലക്ഷങ്ങൾ മാസവാടക നൽകിയാണ് വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെ പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നത്.
ഈ വസ്തുത ചൂണ്ടികാട്ടി പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ മന്ത്രി സി.പി.ജോണിന് നൽകിയ നിവേദനത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഓഫീസ് നെല്ലിയാനിയിലേയ്ക്ക് മാറ്റുവാൻ മന്ത്രി കർശന നിർദ്ദേശം നൽകുകയുണ്ടായി.
ഓഫീസ് ഫർണീഷിംഗിനുള്ള തുക ലഭ്യമാക്കപ്പെടേണ്ടതുണ്ട്.ഇതിനായുള്ള എസ്റ്റിമേറ്റും ലഭ്യമായിട്ടുണ്ട്.
വകുപ്പിൻ്റെ മുന്ന് വിഭാഗങ്ങൾ അടുത്ത ആഴ്ച്ച മുതൽ നെല്ലിയാനിയിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനം എടുത്തതായി ഒക്.3ന് നടന്ന മീനച്ചിൽ താലൂക്ക് സഭയിൽ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫിൻ്റെ പരാതിക്കുള്ള മറുപടിയിൽ അധികൃതർ അറിയിക്കുകയായിരുന്നു.
റവന്യൂ വകുപ്പിൻ്റെ ഭൂമി ഏറ്റെടുക്കൽ തഹസിൽദാർ ഓഫീസ് ഉൾപ്പെടെയുള്ള ഓഫീസുകളുടെ ഇവിടേയ്ക്കുള്ള മാറ്റം തീരുമാനിച്ചിട്ടില്ല.
എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കെട്ടിടം കൈമാറി നൽകിയിട്ടും പ്രവർത്തനം ആരംഭിക്കുവാൻ അധികൃതരോ സർക്കാർ വകുപ്പുകളോ ജനപ്രതിനിധികളോ താത്പര്യം എടുക്കാതിരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ പരാതി ഉന്നയിച്ചും ഇടപെട്ടും ഇപ്പോൾ ഓഫീസ് മാറ്റം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ് പറഞ്ഞു.
ട്രാൻസ്പോർട്ട് വകുപ്പു മന്ത്രി സി.പി.ജോണിന് നൽകിയ പരാതിയിൽ മന്ത്രി സ്വീകരിച്ച കർശന നിലപാടാണ് ഇവിടേയ്ക്ക് മാററുവാൻ മടിച്ചു നിന്ന ട്രാൻസ്പോർട്ട് ഓഫീസ് മാറ്റം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടവും പറഞ്ഞു. ഓഫീസുകൾ വരുന്നതോടെ നെല്ലിയാനി ജംഗ്ഷൻ്റെ മുഖഛായ തന്നെ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഓഫീസിൽ എത്തുന്ന ജീവനക്കാർക്കും ജനങ്ങൾക്കും ആവശ്യമായ വാഹന പാർക്കിംഗിനു വിസ്തൃതമായസൗകര്യവും ഇവിടെ ഉണ്ട്. ബസ് സ്റ്റോപ്പിൽ തന്നെയാണ് ഈ മന്ദിരമെന്നതിനാൽ എത്തിച്ചേരുന്നതിനും സൗകര്യമുള്ളതായി അദ്ദേഹം പറഞ്ഞു.
മുത്തോലി പഞ്ചായത്തിലെ കാണിയക്കാട് വാർഡിൽ നിർമ്മിച്ചിരിക്കുന്ന മിനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിലേയ്ക്ക് എത്തുന്ന എല്ലാ ഓഫീസുകൾക്കും ആവശ്യമായ സഹായ സഹകരണങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ടിങ്കിൾ രാജ്, ഗ്രാമ പഞ്ചായത്ത് അംഗം ചാക്കോ താന്നിയാനിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനസ്യാ രാമൻ എന്നിവർ പറഞ്ഞു.
ഓഫീസ് മാറ്റങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുവാൻ റവന്യൂ, പൊതുമരാമത്ത് ,ട്രാൻസ്പോർട്ട് വകുപ്പു അധികൃതരുടെ യോഗം ഈ ആഴ്ച്ച ചേരും. ട്രാൻസ്പോർട്ട് മന്ത്രിയുടെ സൗകര്യാർത്ഥം ഉദ്ഘാടന തീയതി തീരുമാനിക്കും.





