Erumeli

മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം നടത്തി

എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനം
മൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു . കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ജോയി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു മറ്റക്കര, പെരുന്നാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ രതീഷ് മടുക്കോലി,ഗിരിജാ മധു സ്വാഗതസംഘം ചെയർമാൻ സന്തോഷ് മരുതുംമൂട്ടിൽ,രാഷ്ട്രീയപാർട്ടി നേതാക്കളായ ടി.ഡി സോമൻ, മുരളി, കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോബി നെല്ലോലപൊയ്കയിൽ, ലിൻസ് വടക്കേൽ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷാ ദാസ്, അസിസ്റ്റന്റ് എൻജിനീയർ ജോജു സി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

മൂലക്കയം പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്ന ചെക്ക് ഡാം ബ്രിഡ്ജ് നിർമ്മിച്ച് സഞ്ചാരം സുഗമമാക്കുക എന്നുള്ളത് ഈ പ്രദേശത്ത് നിന്നുമുള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു.

പ്രദേശത്തെ കുട്ടികളിൽ മിക്കവരും പമ്പയാറിന്റെ മറുകരയിൽ സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്. എന്നാൽ പാലം ഇല്ലാതിരുന്നതുമൂലം ഈ വിദ്യാർത്ഥികൾക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് എയ്ഞ്ചൽ വാലി, കണമല വഴി മാത്രമേ സ്കൂളിലെത്താൻ കഴിയുമായിരുന്നുള്ളൂ.

പാലം യാഥാർത്ഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് കാൽനടയായി മിനിറ്റുകൾ കൊണ്ട് സ്കൂളിലെത്താൻ കഴിയും എന്നത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമാണ്.

ഇതുകൂടാതെ മൂലക്കയം പ്രദേശത്തുള്ള മുഴുവൻ ആളുകൾക്കും പെരുന്നാട് ഗ്രാമപഞ്ചായത്തിലെ കിസുമം ഭാഗത്തേക്കും , തൊട്ടടുത്ത ജംഗ്ഷനായ തുലാപ്പള്ളിയിലേക്കും, അതുവഴി റാന്നിയിലേയ്ക്കും എല്ലാം എളുപ്പത്തിൽ സഞ്ചരിക്കാൻ ഈ പാലം ഉപകരിക്കും. ചെക്ക് ഡാം നിർമ്മിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യതയും വർദ്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *