കാഞ്ഞിരപ്പളളി: പ്രമേഹത്തെ അറിയാം, നിയന്ത്രണം കൈയിലെടുക്കാം, സങ്കീർണതകൾ അകറ്റാം” എന്ന സന്ദേശവുമായി ലോക പ്രമേഹ ദിനത്തിൽ പ്രമേഹ ബോധവൽക്കരണയജ്ഞത്തിന്റെ ഭാഗമായി മേരീക്വീൻസ് പഞ്ചാരവണ്ടി നാട്ടിലിറങ്ങി.
ജനറൽ മെഡിസിൻ, എൻഡോക്രൈനോളജി, നെഫ്രോളജി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രമേഹദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി എം. എൽ.എ റോണി കെ ബേബി പഞ്ചാരവണ്ടിയുടെ യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹം പ്രമേഹ പരിശോധയ്ക്ക് വിധേയനായി.
കാഞ്ഞിരപ്പളളി, പൊൻകുന്നം, മുണ്ടക്കയം, എരുമേലി ബസ് സ്റ്റാൻഡുകളിൽ രാവിലെ എത്തിയ പഞ്ചാരവണ്ടിയിൽ 4 മണിക്കൂർ കൊണ്ട് ആയിരത്തിലധികം പേർ സൗജന്യ പ്രമേഹ പരിശോധന നടത്തി.
പ്രമേഹം കണ്ടെത്തുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സേവനവും മേരീക്വീൻസ് ആശുപത്രി അധികൃതർ ലഭ്യമാക്കിയിരുന്നു.പരിപാടികൾക്ക് ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. ടിസൺ കോച്ചേരിൽ സി.എം.ഐ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.





