Mundakayam

മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.

പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, സംഘടനാ പ്രതിനിധികളുടെയും യോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹച്ചു.

യോഗത്തിൽ ഗവ. ചീഫ് വിപ്പ്. ഡോ. എൻ ജയരാജ്, കോട്ടയം എഡിഎം ബീന പി. ആനന്ദ് കാഞ്ഞിരപ്പള്ളി തഹസിൽദാർ ശ്രീകല ജെ., മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ , പി. ആർ അനുപമ മറ്റ് ജനപ്രതികൾ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

പതിറ്റാണ്ടുകളായി പട്ടയം നൽകാൻ കഴിയാതിരുന്ന എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിലെ പട്ടയ പ്രശ്നം പരിഹരിച്ചത് അനുസ്മരിച്ച മന്ത്രി മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ചിരുന്ന തടസ വാദങ്ങൾ സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റുമായി ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിച്ചതായി പറഞ്ഞു.

ഇനിയും പട്ടയത്തിന് അപേക്ഷ നൽകാനുള്ള മുഴുവൻ ആളുകൾക്കും പട്ടയത്തിനുള്ള അപേക്ഷകൾ നൽകുന്നതിനുള്ള അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ 3966/2023 ഉത്തരവ് പ്രകാരം മലയോര പട്ടയവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ പരിഹരിച്ച് പട്ടയ ലഭ്യതയ്ക്കുള്ള നിയമ സാധുത ഉറപ്പുവരുത്തിയിട്ടുള്ളതായും, 1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം ഉപാധിരഹിത പട്ടയമാണ് കൈവശക്കാർക്ക് ലഭിക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇതിനോടകം ഒന്നരലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. കോട്ടയം ജില്ലയിൽ ഏറ്റവുമധികം പട്ടയങ്ങൾ നൽകിയിട്ടുള്ളത് പൂഞ്ഞാർ നിയോജകമണ്ഡലത്തിലാണ് എന്നും മന്ത്രി എടുത്തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *