പാലാ: പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന പാലാ- തെങ്കാശി സർവ്വീസാണ് ഇന്നലെ മുതൽ ഈരാറ്റുപേട്ട ഡിപ്പോ യിലേയ്ക്ക് മാറ്റിയത്. പാലായിൽ നിന്നും പേട്ട ഡിപ്പോയിൽ എത്തിച്ച ബസ് പുതിയ സർവ്വീസ് ആരംഭിച്ച രീതിയിലാണ് ഉദ്ഘാടനവും നടത്തിയത്.
വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ഈ സർവ്വീസ് രാവിലെ പാലായിൽ എത്തി തെങ്കാശിക്ക് പോകുന്ന വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. രാവിലെ ഈരാറ്റുപേട്ട മുതൽ പാലാ വരെയുള്ള ഫാസ്റ്റ് പാസഞ്ചർ നിരക്കിലുള്ള ട്രിപ്പിൽ യാത്രക്കാർ ഇല്ലാതിരുന്ന സ്ഥിതിയിലാണ് സോണൽ മാനേജരുടെ റിപ്പോർട്ട് പ്രകാരം സർവ്വീസ് പാലായിൽ നിന്നും ഇതുവരെ ഓപ്പറേറ്റ് ചെയ്തിരുന്നത്. പാലാ ഡിപ്പോയുടേതായിരുന്ന കോഴിക്കോട്, ആനക്കട്ടി സർവീസുകൾ പകരം ഈ രാറ്റുപേട്ടയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
പാലാ- തെങ്കാശി സർവ്വീസ് ഈരാറ്റുപേട്ട ഡിപ്പോയിലേയ്ക്ക് നൽകിയ സ്ഥിതിക്ക് കോഴിക്കോട്, ആനകട്ടി സർവ്വീസുകൾ പാലാ ഡിപ്പോയിലേയ്ക്ക് തിരികെ നൽകുവാൻ തയ്യാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.
മറ്റു ചില ദ്വീർഘദൂര സർവീസുകൾ കൂടി പാലായിൽ നിന്നും മാറ്റുന്നതിന് തീരുമാനമായിക്കഴിഞ്ഞു. ചില ബസുകൾ പിറവം ഡിപ്പോയിലേയ്ക്കും മാറ്റുകയാണ്. നിലവിൽ 10-ൽ പരം ദ്വീർഘ ദൂര സർവ്വീസുകളാണ് പാലാ ഡിപ്പോയ്ക്ക് നഷ്ടമായിരിക്കുന്നത്.
5.00 തിരുവന ന്തപുരം, അമ്പായത്തോട്, പഞ്ചിക്കൽ, 5.45 വൈറ്റില,6.00 കുമളി, മാനന്തവാടി, 2.45 തിരുവനന്തപുരം ഉൾപ്പെടെയുള്ള സർവ്വീസുകൾ നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.പാലാ ഡിപ്പോയ്ക്ക് നഷ്ടങ്ങളുടെ പെരുമഴക്കാലമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പാലായുടെ പൊതുഗതാഗത മേഖലയിലെഈ നഷ്ടം ചുമതലപ്പെട്ടവർ അറിയുന്നുണ്ടോ? കണ്ണടയ്ക്കുകയാണോ എന്നാണ് അറിയേണ്ടത്. മറ്റ് ഡിപ്പോകളുടെ ബസ് എത്തുന്നതും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കേണ്ട ഗതികേടിലായി യാത്രക്കാർ ഇരുന്ന് യാത്ര ചെയ്യാമായിരുന്ന സൗകര്യവും കുറയുകയാണ്.





