കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പുക കണ്ടയുടൻ തീവ്രപരിചരണ വിഭാഗത്തിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ മാറ്റി.
അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സാധാരണനില പുനഃസ്ഥാപിക്കുന്നതുവരെ ആത്യാഹിത വിഭാഗത്തിലേക്കു രോഗികളെ കൊണ്ടുവരരുതെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകി.
യുപിഎസ് മുറിയിൽനിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തീപിടിത്തത്തെ തുടർന്ന് യുപിഎസ് പൊട്ടിത്തെറിച്ചു. അഞ്ഞൂറോളം രോഗികൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു.
അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെ തന്നെ മറ്റു വാർഡുകളിലേക്കും സമീപത്തെ ആശുപത്രികളിലേക്കും മാറ്റിയെന്നും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലെ നാലു രോഗികളെ ആശുപത്രിയിൽനിന്ന് മാറ്റേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു. ഇവർ നാലുപേരും വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്.
നാലാം നിലയിൽ പുക എത്തിയിട്ടില്ലാത്തതിനാൽ ഇവരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇവർക്കൊപ്പം ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉണ്ടെന്നും അധികൃതർ പറഞ്ഞു. തീപിടിത്തത്തിനു പിന്നാലെ ആശുപത്രിയിൽനിന്ന് മാറ്റിയ ഉപകരണങ്ങൾ തിരിച്ചെത്തിച്ചു. പഴയ കാഷ്വാലിറ്റി കെട്ടിടം അത്യാഹിത വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി.