Announcement

ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന് (ഊത്ത പിടിത്തം) എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും, കൂട്, അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

വിലക്ക് ലംഘിച്ച് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകൾ, തോടുകൾ, ചതുപ്പുകൾ, കനാലുകൾ എന്നിവിടങ്ങളിലേക്ക് കൂട്ടത്തോടെ കയറിവരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത.

കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നീ മത്സ്യങ്ങളാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്.

ഊത്തയേറ്റത്തിന്റെ സമയത്ത് വയറുനിറയെ മുട്ടകളുമായി ഒഴുക്കിനെതിരെ നീന്തി വരുന്ന ഈ മത്സ്യങ്ങളെ പിടിക്കാൻ വളരെ എളുപ്പമാണ്. പിടിക്കുന്ന മത്സ്യങ്ങളിൽ ഭക്ഷ്യയോഗ്യമായവയെ ആഹാരമാക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇവയ്ക്ക് വംശനാശവും സംഭവിക്കുന്നു. ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

വരുംദിവസങ്ങളിൽ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും, ഊത്തപിടിക്കുന്നവർക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും എതിരെ നടപടികൾ സ്വീകരിക്കുമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *