Politics

കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അത് കൊണ്ട് തന്നെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രെസ്സുകാര്‍ വോട്ട് ചെയ്യേണ്ടത് തുഷാര്‍ വെള്ളാപ്പള്ളിക്ക് ആയിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

400 ല്‍ പരം സീറ്റുകള്‍ നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും എന്ന് ഉറപ്പുണ്ടെന്നും എല്ലാ വിഭാഗത്തില്‍ ഉള്ള ആളുകളെയും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരേ ഒരു സര്‍ക്കാര്‍ ആണ് നരേന്ദ്രമോദി സര്‍ക്കാര്‍ എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ഏറ്റവും വികസിത ജില്ലയായി കോട്ടയത്തെ മാറ്റുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

എന്‍ഡിഎയുടെ പാലാ ഇലക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനവും കണ്‍വെന്‍ഷന് ശേഷം നടന്നു. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ രണ്‍ജീത് മീനാഭവന്‍ അദ്ധ്യക്ഷനായിരുന്നു.

ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. പദ്മകുമാര്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, എന്‍.കെ. ശശികുമാര്‍, ബി. വിജയകുമാര്‍, സുമിത്ത് ജോര്‍ജ്ജ്, എ.പി. ജയപ്രകാശ്, അനീഷ് പുല്ലുവേലില്‍, എല്‍ജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് മംഗലത്തില്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനീഷ് ഇരട്ടയാനി, സോമശേഖരന്‍ തച്ചേട്ട്, സുരേഷ് ഇട്ടിക്കുന്നേല്‍, ബിനീഷ് ചൂണ്ടച്ചേരി, സരീഷ് കുമാര്‍, ബിഡ്‌സണ്‍ മല്ലികശ്ശേരി തുടങ്ങി ബി ജെ പി യുടെയും ബി ഡി ജെ എസ്സിന്റെയും മറ്റ് ഘടകകക്ഷികളുടെയും സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *