പാലാ: വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലാകെ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു.
‘മയക്കുമരുന്നിനെതിരെ മോചനജ്വാല യുമായി ശിശുദിനമായ നവംബര്‍ 14 ന് ജില്ലയിലെ മുഴുവന്‍ വാര്‍ഡ് കമ്മറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തില്‍ വാര്‍ഡിലെ തെരഞ്ഞെടുത്ത 5 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകുന്നേരം 5 നും 7നും ഇടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണം നടത്തുകയും മോചനജ്വാല തെളിക്കുകയും ചെയ്യും. ഇതോടൊപ്പം മയക്ക് മരുന്നിനെതിരെയുള്ള സത്യപ്രതിജ്ഞയും ഉണ്ടാവും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും സംഘടിപ്പിക്കും. മയക്കുമരുന്ന്‌വിരുദ്ധ സന്ദേശം വിളിച്ചോതുന്ന ദൃശ്യങ്ങളും പ്ലക്കാര്‍ഡുകളും ജാഥയിൽ ഉണ്ടാവും.. മത, സാമുദായിക സാംസ്‌ക്കാരിക നേതാക്കളടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ മോചനജ്വാലയില്‍ പങ്കാളികളാവും.
14-ാം തീയതിയിലെ മോചനജ്വാലക്ക് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യും. ജില്ലയിലെ 1344 വാര്‍ഡുകളിലായി പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഈ യജ്ഞത്തില്‍ പങ്കാളികളാവും.
ലഹരിമരുന്നിനെതിരായ രണ്ടാം ഘട്ട പ്രചരണ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതും ശിശുദിനമായ നവംബര്‍ 14 നാണ്. മയക്ക് മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്ര വിപുലമായ രീതിയില്‍ ഭവന സന്ദര്‍ശനവും മറ്റ് പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ്.
കോട്ടയം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് പാലാ ളാലം ജംഗ്ഷനിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.പാലാ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും മയക്കുമരുന്നിനെതിരെ മോചന ജ്വാല തെളിക്കുമെന്ന് പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അറിയിച്ചു.