തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് യോഗം ചേരുന്നതാണ്.
ജനപ്രതിനിധികൾ, രാഷ്ട്രീയ- സമുദായ- സന്നദ്ധ സംഘടന ഭാരവാഹികൾ, സ്ഥാപനമേധാവികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പി ടി എ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പരിസ്ഥിതി ലോല പ്രദേശമാക്കി കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ നിന്നും തീക്കോയി വില്ലേജിനെ പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമസഭയും ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും പാസാക്കിയ ആക്ഷേപം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ മുഖാന്തിരം ഗ്രാമ പഞ്ചായത്ത് അയച്ചു.
ആക്ഷേപത്തിന്റെ പകർപ്പുകൾ ബന്ധപ്പെട്ട എം.എൽ. എ. മാർ, എം.പി.മാർ തുടങ്ങിയ ജനപ്രതിനിധികൾക്കും നൽകി. ഗ്രാമപഞ്ചായത്ത് പൊതുവായി തയ്യാറാക്കിയ ഈ ആക്ഷേപം ഉടൻതന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും നാളത്തെ സർവ്വകക്ഷി യോഗത്തിൽ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് അറിയിച്ചു.