കാഞ്ഞിരപ്പളളി: യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ലോക പ്രമേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ പഞ്ചാരവണ്ടി 4.0 എന്ന പ്രൊജക്റ്റിനാണ് യു.ആർ.എഫ് അംഗീകാരം ലഭ്യമായത്.
മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ ഒരുക്കിയ സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 2638 പേർ ഉപയോഗപ്പെടുത്തിയിരുന്നു.
കോവിഡിന് ശേഷം പ്രമേഹരോഗത്തെക്കുറിച്ചു ആളുകൾക്ക് അവബോധനം നൽകുവാനും, ഗ്രാമീണ മേഖലകളിലെ ആളുകളിലേക്ക് നേരിട്ട് എത്തിച്ചേർന്നു കൃത്യമായ രോഗ നിർണ്ണയമുറപ്പാക്കി പ്രമേഹ നിയന്ത്രണമെന്ന ലക്‌ഷ്യം കൈവരിക്കുവാനാണ് 2021 ൽ മേരീക്വീൻസ് പഞ്ചാരവണ്ടി പദ്ധതി ആരംഭിച്ചത്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് പുരസ്‌കാരവും പ്രശസ്തി പത്രവും, യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഇന്റർനാഷണൽ ജൂറി & ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ എന്നിവർക്ക് കൈമാറി.





