കുന്നോന്നി: പൂഞ്ഞാർ തെക്കേക്കര കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനുള്ള വിവിധ പരിപാടികളോടെയാണ് ദിനാചരണം നടന്നത്.
സ്കൂൾ ഹെഡ്മാസ്റ്റർ ദീപു സെബാസ്റ്റ്യൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത്ത് പി.സി., നിഷ സാനു എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളുടെ ത്യാഗങ്ങൾ പുതുതലമുറ ഓർക്കണമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി കുട്ടികൾ ഉത്തരവാദിത്തബോധത്തോടെ വളരണമെന്നും ആശംസാപ്രസംഗത്തിൽ പറഞ്ഞു. ദേശീയബോധവും ദേശസ്നേഹവും വളർത്തുന്ന കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.





