Poonjar

‘ഹായ് ടു ലൈഫ്’ ക്യാംപെയ്നുമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസ്

പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ‘ സേ നോ ടു ഡ്രഗ്സ്, സേ ഹായ് ടു ലൈഫ് ‘ ക്യാംപെയ്ന് തുടക്കമായി.

ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ, വിവിധ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോ പ്രദർശനം, ഹ്രസ്വചിത്ര നിർമ്മാണം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ.

സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, ലഹരിയോട് ‘നോ’ പറയുന്നതിൻ്റെയും അങ്ങനെ ലഭിക്കുന്ന നല്ല ജീവിതത്തോട് ‘ഹായ് ‘ പറയുന്നതിൻ്റെയും പ്രതീകമായി, കൈപ്പത്തികൾ നിറക്കൂട്ടിൽ മുക്കി വെള്ള പ്രതലത്തിൽ പതിപ്പിച്ചാണ് എസ്.പി.സി. കേഡറ്റുകൾ ക്യാംപെയ്ന് ആരംഭം കുറിച്ചത്.

ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെരീന അബ്രാഹം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *