Poonjar

ഹരിത കേരളം മിഷന്റെ ദേവഹരിതം പദ്ധതിക്ക് തുടക്കമായി

പൂഞ്ഞാർ: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മധുര മീനാക്ഷി ദേവീക്ഷേത്രത്തില്‍തുടക്കമായി.

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.

കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തില്‍ ദേവ ഹരിതം പദ്ധതി നടപ്പിലാക്കുന്നത്.

ഹരിതകേരളം മിഷന്‍ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം തുടങ്ങിയ സസ്യങ്ങളാണ് ക്ഷേത്ര പരിസരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത് കൂടാതെ ചെമ്പരത്തി ഉപയോഗിച്ച് ജൈവവേലിയും നിര്‍മിക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹന്‍, എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജയശ്രീ, ഹെഡ്മിസ്ട്രസ് എ.ആര്‍. അനുജ വര്‍മ, പ്രോഫ. സുധാ വര്‍മ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം രമേഷ് ബി. വെട്ടിമറ്റം, എബി ഇമ്മാനുവല്‍ (ഭൂമിക), ട്രീ ടാഗ് നോഡല്‍ ഓഫീസര്‍ ഡോ. സണ്ണിച്ചന്‍ വി. ജോര്‍ജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വിഷ്ണു പ്രസാദ്, എ.ടി.എം. പബ്ലിക് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *