പാലാ: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനമായ നാളെ (ഒക്ടോബർ രണ്ടിന്) പാലായിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്ര അഹിംസാദിനാചരണവും പുഷ്പാർച്ചനയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള സ്നേഹാദരവും സംഘടിപ്പിക്കും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടികൾ.
മൂന്നാനി ഗാന്ധി സ്ക്വയറിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങ് സംസ്ഥാന ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. ചലചിത്ര നടൻ ജയൻ ചേർത്തല മുഖ്യാതിഥി ആയിരിക്കും. പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ മുഖ്യപ്രഭാഷണം നടത്തും.
പാലാ ഡിവൈ.എസ്.പി. കെ. സദൻ, പാലാ നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യുസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു വരിക്കയാനി, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, പ്രിൻസി സണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. പോൾസൺ കൊച്ചുകാണിയാംപറമ്പിൽ വിവിധ നഗരസഭാ കൗൺസിലർമാർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും സംബന്ധിക്കും.
ഗാന്ധിജിയുടെ സ്മരണയ്ക്കായി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗാന്ധിയൻ ആശയങ്ങളായ സത്യം, അഹിംസ, സഹിഷ്ണുത, മാനവികത എന്നിവയുടെ പ്രസക്തി ഓർമിപ്പിക്കുന്ന സന്ദേശങ്ങളോടെയാകും ദിനാചരണം.
ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ മന്ത്രി മോൻസ് ജോസഫ് ആദരിക്കും. സാമൂഹിക സേവനം, വിദ്യാഭ്യാസം, കലാ-സാംസ്കാരിക രംഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളുടെ സാന്നിധ്യവും ചടങ്ങിനുണ്ടാകും.
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ ശക്തമായി സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നതിനാണ് പരിപാടിയെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു.
ഗാന്ധി സ്ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത് പുഷ്പാർച്ചന നടത്തണമെന്ന് ഫൗണ്ടേഷൻ അഭ്യർഥിച്ചു.





