മോദിയുഗം തുടരും എന്നതിൻ്റെ സൂചനയാണ് ജനാധിപത്യ സംരക്ഷണ പദയാത്രയിലുള്ള ജനപങ്കാളിത്തവും, അതിൻ്റെ വിജയത്തിനുള്ള ജനങ്ങളുടെ ആവേശവുമെന്ന് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ ഷോൺ ജോർജ് പറഞ്ഞു.
അരാജകവാദികളായ 10 പേർ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ മോദിക്കായി പതിനായിരങ്ങൾ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരിക്കും ജനാധിപത്യ സംരക്ഷണ പദയാത്ര കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്തെ പദയാത്രയുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിൽ കാണുന്ന പ്രവർത്തകരുടെയും സമൂഹത്തിൻ്റേയും ആവേശത്തിൽ നിന്ന് മനസിലാവുന്നത് നവംബർ 25 ന് എറണാകുളം നഗരത്തിൽ നടക്കുന്ന പദയാത്ര വൻ ജനപങ്കാളിത്തമുള്ളതാവും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ അദ്ധ്യക്ഷൻ അഡ്വ കെ എസ് ഷൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സഹ ഖജാൻജി എ അനൂപ്, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, പി ആർ ശിവശങ്കർ, മേഖല ജനറൽ സെക്രട്ടറിയും തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാനുമായ അഡ്വ പി എൽ ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.





