Aruvithura

“സഹദായുടെ അമരക്കാരൻ ഇനി ഭരണങ്ങാനത്തേയ്ക്ക്”

അരുവിത്തുറ: അരുവിത്തുറ ദേശത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച്കൊണ്ട് മറ്റു പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ “സഹദാ”യുടെ (റിനൈസൻസ് 2022-23) അമരക്കാരനും അരുവിത്തുറ പള്ളിയുടെ വികാരിയുമായ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ അന്തർദേശീയ തീർഥാനകേന്ദ്രത്തിന്റെ റെക്ടർ ആയി ചുമതലയേൽക്കുകയാണ്.

ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയായ “സഹദാ” സമാനതകളില്ലാത്ത കർമ്മ പദ്ധതിയാണ്.

സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം, സുകൃത പ്രേക്ഷിതത്വം, സുകൃത കലാലായം, സുകൃത സമർപ്പണം, സുകൃത പൈതൃകം എന്നീ പത്തിന കർമ്മ പരിപാടികളാണ് സഹദായിൽ ഉൾപ്പെടുത്തിയിരുന്നത്.

ഡോ. റെജി വർഗീസ് മേക്കാടൻ ജനറൽ കൺവീനറായും ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജോൺസൺ ചെറുവള്ളി എന്നിവർ കൺവീനർമാരായും ജോണി കൊല്ലംപറമ്പിൽ സെക്രട്ടറിയായുമുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സഹദായുടെ പ്രവർത്തനം.

പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്ത സഹദാ കർമ്മ പദ്ധതിയിൽ 200ഓളം പരിപാടികളാണ് നടപ്പാക്കിയത്. മാർതോമ്മാ നസ്രാണി പാരമ്പര്യവും അരുവിത്തുറയും എന്ന വിഷയത്തിൽ നടത്തിയ ഏകദിന ചരിത്ര പഠന ശിബിരം, ഭവനരഹിതരായ 35 പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയത്, 50 ഭവനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തിയത്, അരുവിത്തുറയുടെ പാരമ്പര്യം വിളിച്ചോതുന്ന ചരിത്ര മ്യൂസിയം സ്ഥാപിച്ചത്, അരുവിത്തുറ ഇന്നു വരെ കാണാത്ത മനോഹാരിത പകർന്നു തന്നതും ക്രൈസ്തവ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയതുമായ 101 പൊൻകുരിശുമായുള്ള ഈരാറ്റുപേട്ട നഗരത്തിലൂടെ വടക്കേക്കര കുരിശുപള്ളിയിലേക്കു നടത്തിയ പ്രദക്ഷിണം എന്നിവ സഹദാ പദ്ധതിയിൽ വേറിട്ടു നിൽക്കുന്ന കർമ്മപരിപാടികളാണ്.

കൂടാതെ അരുവിത്തുറ സെന്റ് ജോർജ് കോളേജിന് എ പ്ലസ് പ്ലസ് നാക് അക്രിഡിറ്റേഷൻ ലഭിച്ചതും അരുവിത്തുറ പള്ളിയുടെ ഇരുവശത്തും മോണ്ടളങ്ങൾ നിർമ്മിച്ചതും പ്രത്യേകം എടുത്തുപറയേണ്ട കർമ്മ പരിപാടികളാണ്.

കഴിഞ്ഞ അഞ്ചു വർഷക്കാലം അരുവിത്തുറയെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ പാലയ്ക്കപറമ്പിലച്ചനും അദ്ദേഹത്തോടൊപ്പം സ്ഥലം മാറിപ്പോകുന്ന സ്പിരിച്വൽ ഫാദർ ഫാ. സെബാസ്റ്റ്യൻ നടൂത്തടം, സഹവികാരി ഫാ. ജോസഫ് മൂക്കൻതോട്ടം എന്നിവർക്കും സഹദാ ഭാരവാഹികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച (ഫെബ്രുവരി ഒന്നിന്) വൈകിട്ട് അഞ്ചിന് പള്ളി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ യാത്രയയപ്പ് നൽകുന്നു.

അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപറമ്പിൽ, ഫാ. ജോയൽ കദളിയിൽ, കൈക്കാരൻമാരായ തോമസ് കുന്നക്കാട്ട്, ജോസ്കുട്ടി കരോട്ട്പുള്ളോ ലിൽ പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *