എരുമേലി : പണയസ്വർണം വിൽക്കാൻ സഹായിക്കുന്ന യുവാവിനെ കബളിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 3 പേർ പൊലീസ് പിടിയിൽ. ആലുവ മാറമ്പള്ളി തോണിപ്പറമ്പിൽ ജംഷാദ് (29), കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ചക്കാലപ്പറമ്പിൽ നീനു ബെന്നി (29), കണ്ണൂർ ഇരിക്കൂർ കണിയാംകുന്ന് കെ.എ.നൗഷാദ് (45) എന്നിവരെയാണ് എരുമേലി എസ്എച്ച്ഒ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 15,000 രൂപ കണ്ടെത്തി.
കഴിഞ്ഞ 24ന് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലുള്ള ധനകാര്യ സ്ഥാപനത്തിനു മുന്നിലാണു തട്ടിപ്പ് നടന്നത്. മുണ്ടക്കയം പാലൂർക്കാവ് സ്വദേശിക്കാണു പണം നഷ്ടപ്പെട്ടത്. പർദ ധരിച്ച് എത്തിയ നീനു പാലൂർക്കാവ് സ്വദേശിയുമായി ഫോണിൽ പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു.
പർദ ധരിച്ച യുവതി ബൈക്കിൽ കയറി പോകുന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന സ്വർണം വിൽക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണു നീനു ഇയാളെ ബന്ധപ്പെട്ടത്.
ഇരുവരും ഒന്നിച്ചാണു സ്ഥാപനത്തിൽ എത്തിയത്. പണം കൈമാറിയശേഷം യുവാവ് ഒന്നാം നിലയിലുള്ള സ്ഥാപനത്തിന്റെ താഴെ കാത്തുനിന്നു. യുവതി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു.





