ഈരാറ്റുപേട്ട: മിനി സിവിൽസ്റ്റേഷനുള്ള സ്ഥലം അളന്നു തിരിച്ചു. പൊലീസ് സ്റ്റേഷൻ കോംപൗണ്ടിനോട് അനുബന്ധിച്ചുള്ള 2.82 ഏക്കർ സർക്കാർ സ്ഥലത്ത് നിന്ന് മിനി സിവിൽ സ്റ്റേഷനായി നിശ്ചയിച്ച 50 സെന്റ് സ്ഥലം അതിര് നിർണയിച്ച് റവന്യു വകുപ്പിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, അഡീഷനൽ ജില്ല പൊലീസ് മേധാവി വിനോദ് ബി.പിള്ള, ഡിവൈഎസ്പി കെ.സദൻ, മീനച്ചിൽ തഹസിൽദാർ ലിറ്റി മാത്യു, താലൂക്ക് സർവേയർ ർവേയർ ജോ ജോസഫ്, നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഉപാധ്യക്ഷൻ വി.എം.മുഹമ്മദ് ഇല്യാസ്,
നഗരസഭ കൗൺസിലർമാരായ പി.ആർ.ഫൈസൽ, നാസർ വെള്ളൂപ്പറമ്പിൽ, അബ്ദുൽ ലത്തീഫ്, എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യൻ, വില്ലേജ് ഓഫിസർ മുഹമ്മദ് ഇഖ്ബാൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജി. ശേഖരൻ തുടങ്ങിയവർ സ്ഥലം അളന്നു തിരിക്കുന്നതിൽ പങ്കെടുത്തു.
പാലാ-ഈരാറ്റുപേട്ട റോഡിൽ വടക്കേക്കര കുരിശുപള്ളി ഭാഗത്ത് പോസ്റ്റ് ഓഫിസ് റോഡിലൂടെ പ്രവേശിക്കാവുന്ന വിധത്തിലാണ് 50 സെന്റ് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. പൊലീസ് സ്റ്റേഷൻ ഭാഗത്തു കൂടിയുള്ള വഴി സ്റ്റേഷനിലേക്ക് മാത്രമായും നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് കൂടി വരുന്ന റോഡ് പൊതു റോഡായും നിശ്ചയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് മിനി സിവിൽ സ്റ്റേഷന് 50 സെന്റ് സ്ഥലം അനുവദിപ്പിക്കുന്നതിന് ഇടയാക്കിയത്.