Blog

മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: തെരഞ്ഞെടുപ്പു നിരീക്ഷകൻ

കോട്ടയം: സ്ഥാനാർഥികളും രാഷ്ട്രീപാർട്ടികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അനുമതികൾ വാങ്ങിയിരിക്കണമെന്നും കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു.

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥാനാർഥികളുടേയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവയ്ക്കുള്ള അനുമതികൾ തെരഞ്ഞെടുപ്പു കമ്മിഷന്റെ സുവിധ പോർട്ടൽ വഴി മുൻകൂറായി തേടിയിരിക്കണം.

ജില്ലയിൽ ആവശ്യത്തിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളുമുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ നീക്കത്തെപ്പറ്റി സ്ഥാനാർഥികളെ അറിയിച്ചുകൊണ്ടായിരിക്കും നടപടികൾ പൂർത്തിയാക്കുക. വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാൻ സ്ഥാനാർഥികൾക്ക് അവസരമുണ്ടായിരിക്കും.

പോളിങ് ചുമതലയ്ക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ബൂത്തുകളിലേയ്ക്കുളള വോട്ടിങ് യന്ത്രങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്ന റാൻഡമൈസേഷൻ നടപടികളിൽ സ്ഥാനാർഥികൾക്കും അവരുടെ പ്രതിനിധികൾക്കും പങ്കെടുക്കാം.

സുതാര്യമായ രീതിയിൽ വോട്ടിങ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. എന്നാൽ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ടാവും തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുക എന്നും തെരഞ്ഞെടുപ്പു നിരീക്ഷകൻ പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി യോഗത്തിൽ സന്നിഹിതയായിരുന്നു.

സ്ഥാനാർഥികളായ റോബി മറ്റപ്പള്ളി, സ്്കറിയ എം.എം, സുനിൽ ആലഞ്ചേരിൽ, മന്മഥൻ,
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. അനിൽകുമാർ, അഡ്വ. ലോപ്പസ് മാത്യൂ, ജോഷി ഫിലിപ്പ്, അഡ്വ. ജയ്‌സൺ ജോസഫ്, ടി.എൻ. ഹരികുമാർ, സിനിൽ മുണ്ടപ്പളളി,

ഫാറൂഖ് പാലപ്പറമ്പിൽ, മാത്തുക്കുട്ടി മാത്യൂ, ടി.സി. അരുൺ, അഡ്വ. ജയ്‌മോൻ തങ്കച്ചൻ, സച്ചിൻ റെജി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *