പൂഞ്ഞാർ: സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ആനുകൂല്യം രണ്ട് മാസം വിതരണം ചെയ്തതിന് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ പദ്ധതി നിർത്തലാക്കിയതായി യോഗം ആരോപിച്ചു. സ്ത്രീകൾക്ക് ആശ്വാസമായിരുന്ന സാമ്പത്തിക സഹായ പദ്ധതി പുനഃസ്ഥാപിക്കണമെന്നും അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭ്യമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ ട്രഷററും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗവുമായ നിഷ സാനു യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം രാജി വിജയൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. റെജി, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബീന മധുമോൻ എന്നിവർ പ്രസംഗിച്ചു.





