Poonjar

പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം ബി ജെ പി

പൂഞ്ഞാർ: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ, തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ്.

ദുരന്തത്തിൽ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടതിനു പുറമെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ, പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിക്കാനോ സ്ഥിതിഗതികൾ വിലയിരുത്താനോ പോലും മന്ത്രി തയ്യാറായില്ല. എന്നാൽ തൊട്ടടുത്തുള്ള ഈരാറ്റുപേട്ടയിൽ മന്ത്രി സന്ദർശനം നടത്തുകയും ചെയ്തു. ഒരേ പ്രദേശത്ത്, ഒരേ ദുരന്തത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഇത്തരത്തിൽ വ്യത്യസ്തമായ സമീപനം സ്വീകരിച്ചത് ഗൗരവമായി കാണുന്നു.

പി.കെ. ബഷീർ മുസ്ലിം ലീഗിന്റെ മാത്രം മന്ത്രിയല്ല; അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. ഒരു സംസ്ഥാന മന്ത്രിയുടെ ഭാഗത്തുനിന്ന് ദുരന്തബാധിതരായ ജനങ്ങളോട് രാഷ്ട്രീയമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ വിവേചനം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല. പ്രളയത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട ജനങ്ങൾക്ക് അടിയന്തര സഹായവും സർക്കാർ ഇടപെടലും ആവശ്യമായ സമയത്ത്, ദുരിതബാധിത പ്രദേശങ്ങളെ പോലും തരംതിരിച്ച് കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം.

ദുരന്തബാധിതരുടെ വേദനയ്ക്ക് രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒരേ പരിഗണന നൽകുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്.പൂഞ്ഞാർ തെക്കേക്കരയിൽ രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും മന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു സന്ദർശനമോ നേരിട്ടുള്ള ഇടപെടലോ ഉണ്ടായിട്ടില്ലെന്നത് പ്രദേശത്തെ ജനങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ.
മന്ത്രിയുടെ ഈ നടപടിയിൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ദുരന്തബാധിതരായ പൂഞ്ഞാർ തെക്കേക്കരയിലെ ജനങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച്, പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങൾ മന്ത്രി അടിയന്തരമായി സന്ദർശിക്കുകയും ആവശ്യമായ സർക്കാർ സഹായവും പുനരധിവാസ നടപടികളും ഉറപ്പാക്കുകയും ചെയ്യണമെന്നും ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മനോ ജോർജ്,ശ്രീകാന്ത് എം എസ്, ലെൽസ് ജേക്കബ് വയലിക്കുന്നേൽ,സുരേഷ്‌കുമാർ ഇഞ്ചയിൽ,സെബാസ്റ്റ്യൻ കുറ്റിയാനി,സോമരാജൻ ആറ്റുവേലിൽ,റോയ് കോക്കാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *