Aruvithura

സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ ജേക്കബ് ജോസഫ് അർഹനായി.

സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്. അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ് ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്.

2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്.

2001 മുതൽ 2009 വരെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിനി എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്.

താൻ പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ നിരവധി ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളി യിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ പ്രൈം വോളി സീസൺ -4 ലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്.

നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്റ് ജോർജ് കോളേജ് എം ജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാനേജർ വെരി റവ. ഫാ മാത്യു ചന്ദ്രൻക്കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്. വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *