അരുവിത്തുറ: കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത്, നിയമസഭ ഉൾപ്പടെയുള്ള ഭാവി തിരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കിയുള്ള പ്രീ പോൾ/ എക്‌സിറ്റ് പോൾ സർവ്വേകൾ സംഘടിപ്പിക്കാൻ അരുവിത്തുറ കോളേജിന് സാധിക്കും.
അതോടൊപ്പം വിദ്യാർത്ഥികൾക്ക് വിവിധ രാഷ്ട്രീയ-സാമൂഹിക ആഘാത പഠനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശീലനവും കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർവ്വേ റിസർച്ച് സെന്റർ നൽകും.
നാല് വർഷം കാലാവധിയുള്ള ഈ ധാരണാപത്രത്തിലൂടെ രാഷ്ട്രീയ വിശകലനങ്ങളും, ഗവേഷണ അഭിരുചികളും പരിപോഷിപ്പിക്കുന്നതിനുള്ള ഇന്റേൺഷിപ്പുകൾ, സെമിനാറുകൾ എന്നിവ ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണത്തോടെ സാധ്യമാക്കും.
അരുവിത്തുറ സെന്റ് ജോർജസ് കോളേജിന്റെ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫും കേരള സർവകലാശാലയുടെ സർവ്വേ റിസർച്ച് സെന്റർ ഡയറക്ടറും, പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയുമായ പ്രൊഫ. ഡോ. ജോസുകുട്ടി സി എയും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്.
അരുവിത്തുറ കോളേജിന് വേണ്ടി ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം എന്നിവർ ധാരണാപത്രം സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകി.