Pala

ഒരു വർഷത്തോളമായി ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം പുറത്തെടുത്തു

പാലാ : ഒരു വർഷത്തോളമായി 58 കാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം മാർ സ്ലീവാ മെഡിസിറ്റിയിൽ പൾമണറി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.

ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിൻ കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നു മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ചുമ കുറയാതെ വരികയും ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ പൾമണറി വിഭാഗത്തിൽ വിദഗ്ധ ചികിത്സ തേടി എത്തിയത്.

മാറാത്ത ചുമയുടെയും ന്യുമോണിയായുടെയും ഒരു കാരണം ശ്വാസനാളിക്കുള്ളിൽ കുടുങ്ങിയ എന്തെങ്കിലും വസ്തുക്കൾ ആകാൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ മുൻകാലത്ത് ഉണ്ടായ കാര്യങ്ങൾ തിരക്കി.

ഒരു വർഷം മുൻപ് ഭക്ഷണം കഴിച്ചപ്പോൾ ഉണ്ടായ അനുഭവവും അസ്വസ്ഥതകളും രോഗി പങ്കുവെച്ചു. വീട്ടിൽ വച്ച് കപ്പയും ചിക്കൻ കറിയും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയും ഛർദ്ദിൽ അനുഭവപ്പെടുകയും ചെയ്തിരുന്നു. കുടുങ്ങിയ എല്ലിൻകക്ഷണം ഉൾപ്പെടെ ഛർദ്ദിലിനൊപ്പം പുറത്തു പോയെന്നാണ് കരുതിയിരുന്നത്.

പൾമണറി വിഭാഗം കൺസൾട്ടന്റ് ഡോ.മെറിൻ യോഹന്നാന്റെ നേതൃത്വത്തിൽ തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശ്വാസകോശത്തിൽ ഇടതു ഭാഗത്തായി എല്ലിൻ കഷണം കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.

തുടർന്നു ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ എല്ലിൻ കഷണം പുറത്തെടുക്കുകയായിരുന്നു.ഒന്നര സെന്റിമീറ്ററോളം വലുപ്പമുള്ള എല്ലിൻ കഷണമാണ് ശ്വാസകോശത്തിൽ കുടങ്ങിയിരുന്നത്.

പൾമണറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.ജെയ്സി തോമസ്, കൺസൾട്ടന്റ് ഡോ.രാജ് കൃഷ്ണൻ.എസ് എന്നിവരും ചികിത്സയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *