ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ കൂടിയ പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
വിവാദങ്ങളുയരുമ്പോൾ മൌനം പാലിക്കുകയും അതുവഴി പരമാവധി മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് സി.പി.എം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അൻസാർ അബൂബക്കർ പറഞ്ഞു. ധ്രുവീകരണം പാരമ്യത്തിലെത്തിയ ശേഷംമാത്രം ഇടപെടുക എന്ന നയമാണ് ഇപ്പോൾ സർക്കാർ പയറ്റിക്കൊണ്ടിരിക്കുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം, മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുവെന്ന ആരോപണം തുടങ്ങിയ കാര്യങ്ങളിലെന്നപോലെ ഇപ്പോൾ മുനമ്പം വിഷയത്തിലും ഇതേ നിലപാടുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന വിവാദങ്ങളിൽ മിണ്ടാതിരുന്ന് വോട്ട് പെട്ടിയിലായ ശേഷം മാത്രമാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകുന്നത്. ഇത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമായാണോയെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഫിർദൌസ് റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജലാലുദ്ദീൻ കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ കൌൺസിൽ അംഗം സിദ്ധീഖ് പെരുമ്പാവൂർ, ജില്ലാ ട്രഷറർ നിസാർ അഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി കെ.എച്ച്. ഫൈസൽ (പ്രസി.), യൂസുഫ് ഹിബ (സെക്ര.), എം.പി. ഇബ്രാഹിം കുട്ടി (ട്രഷറർ), പി.പി. സുനീഷ് (വൈസ് പ്രസി.), പി.കെ. ലീല (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
അൻവർ ബാഷ, ബൈജു സ്റ്റീഫൻ, എ.കെ. ജയമോൾ, എം.പി. മോളി, പി.കെ. ഷാഫി, റൈന ടീച്ചർ, വി.എം. ഷെഹീർ എന്നിവരാണ് മണ്ഡലം കമ്മിറ്റിയംഗങ്ങൾ.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ജനറൽ കൌൺസിൽ അംഗം സിദ്ധീഖ് പെരുമ്പാവൂർ പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി. പുതിയ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഫൈസൽ സംസാരിച്ചു.