Erattupetta

കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതുതായി വാഹനങ്ങൾ അലോട്ട് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതായും ഇതുപ്രകാരം മറ്റു പല ഡിപ്പോകൾക്കും പുതിയ വാഹനങ്ങൾ ലഭിക്കുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോ അവഗണിക്കപ്പെട്ടു എന്നും മറ്റുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

കെഎസ്ആർടിസി നിലവിൽ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. കെഎസ്ആർടിസിക്ക് വേണ്ടി 40 സീറ്റ് കപ്പാസിറ്റിയുള്ള 220 പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നത് മാത്രമേയുള്ളൂ.

സംസ്ഥാനത്തുടനീളം 140 കിലോമീറ്ററിലധികം ഓടുന്ന ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള വിഭാഗങ്ങളിലുള്ള പെർമിറ്റുകൾ കോടതിവിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഏറ്റെടുത്തിട്ടുണ്ട്.

ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനായിട്ടാണ് പുതിയ ബസ്സുകൾ വാങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന റൂട്ടുകൾ ഓരോ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യപ്പെടുന്നതിന്റെ കണക്കെടുപ്പ് നടന്നു എന്നതിലപ്പുറം ബസ് അലോട്ട്മെന്റ് സംബന്ധിച്ച് നിലവിൽ ഒരു തീരുമാനവും കെഎസ്ആർടിസി കൈകൊണ്ടിട്ടില്ല.

ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറുമായി സംസാരിച്ചതായും, ബസ്സുകൾ വാങ്ങി കഴിയുമ്പോൾ അവ അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഈരാറ്റുപേട്ട ഡിപ്പോയ്ക്കും മതിയായ പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞതായും എംഎൽഎ അറിയിച്ചു.

പുതിയ വാഹനങ്ങൾ വാങ്ങുകയോ, അവ വിവിധ ഡിപ്പോകൾക്ക് അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയോ ചെയ്യുന്നതിനു മുൻപേ ഉണ്ടായിട്ടുള്ള ഈ വാർത്ത വസ്തുതാ വിരുദ്ധമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഈരാറ്റുപേട്ട ഡിപ്പോയുടെ മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനത്തിന് കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. കെഎസ്ആർടിസി ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാലാണ് പല വികസന പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *