പാലാ: പാലാ ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളെ ആശ്രയിച്ച് വെളുപ്പിനുള്ള യാത്ര ഇനി മുടങ്ങും. പാലാ ഡിപ്പോയിൽ നിന്നുള്ള പത്തിൽ പരം ദ്വീർഘദൂര സർവ്വീസുകളാണ് റദ്ദു ചെയ്തിട്ടുള്ളത്. പല സർവ്വീസുകളും അയച്ചിട്ടില്ല.
ഇതിൽ ഏതാനും ബസുകൾ സ്പെഷ്യൽ സർവീസിലേയ്ക്ക് പൂൾ ചെയ്തവയിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്. മുൻ കാല ഘട്ടങ്ങളിൽ നിന്നും വ്യത്യസ്ഥമായി പരം ക്രമീകരണമില്ലാതെയാണ് സർവ്വീസുകൾ മുടക്കിയിരിക്കുന്നത്. മുൻവർഷങ്ങളിൽ സ്പെഷ്യൽ സർവ്വീസിനായി കൂടുതൽ ബസുകൾ വിട്ടുകൊടുത്തിരുന്നുവെങ്കിലും ഷെഡ്യൂൾ മുടക്കം വരുത്തിയിരുന്നില്ല.
ഡിപ്പോയിൽ നിന്നും വെളുപ്പിന് 3 മണിയ്ക്ക് പുറപ്പെടുന്ന ആദ്യ സർവ്വീസായ പാലാ – കണ്ണൂർ സൂപ്പർഫാസ്റ്റ് സർവ്വീസ് മുടക്കിയത് നിരവധി സ്ഥിരം യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്. രാവിലെ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാർ കണ്ണൂർ ബസ് ഇല്ലെന്നറിഞ്ഞ താടെ കൂത്താട്ടുകുളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എത്തിയാണ് യാത്ര ചെയ്തത്.
പ്രതിദിനം 50000-ൽ പരം കളക്ഷൻ ലഭിക്കുന്നതും മുഴുവൻ സീറ്റുകളും മുൻകൂർ റിസർവേഷനിലുള്ളതുമായ ഈ സർവ്വീസ് മുടക്കിയതിനാൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മലബാർ ജില്ലകളിലേയ്ക്ക് ജോലിക്ക് പോകുന്നവർ സ്ഥിരമായി ആശ്രയിക്കുന്ന സർവീസാണിത്. സർവ്വീസ് മുടക്കരുതെന്ന് ആവശ്യപ്പെട്ട് സ്ഥിരം യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.
ഈ സൂപ്പർഫാസ്റ്റിന് പകരം ഓടിക്കാവുന്ന ഡീലക്സ് ബസ് പാലാ ഡിപ്പോയിൽ ഉണ്ടായിരുന്നിട്ടും ക്രമീകരണം ഉണ്ടായിട്ടില്ല എന്നാണ് വിവരം. വെളുപ്പിന് 3 മണിക്കുണ്ടായിരുന്ന തിരുവനന്തപുരം സർവ്വീസ് നേരത്തെ നിർത്തലാക്കിയിരുന്നു.
രാവിലെ 8 മണി കോഴിക്കോട് സൂപ്പർഫാസ്റ്റ്, 5.40 കോഴിക്കോട്, 5.45 വൈറ്റില, 6.00 മണി കുമളി, 6.00 മണി തൃശൂർ, 6.10 കൊല്ലം, 6.40 കോട്ടയം, 6.40 തൊടുപുഴ ഉച്ചകഴിഞ്ഞുള്ള 2.10 വൈറ്റില, 2.30 ഒലിപ്പാറ വൈകുന്നേരം 4.30 പാലക്കാട് എന്നീ സമയങ്ങളിലുള്ള പത്തിൽ പരം പ്രധാന സർവ്വീസുകളാണ് മുടങ്ങുന്നത്. തൃശൂർ, പാലക്കാട് സർവ്വീസുകൾ റദ്ദുചെയ്യുന്നതോടെ പാലാ- ഉഴവൂർ -കൂത്താട്ടുകുളം വഴിയുള്ള പാലാ ഡിപ്പോയുടെ ഉള്ള സർവ്വീസുകൾ കൂടി ഇല്ലാതാവുകയാണ്. ഇതു വഴി ഉണ്ടായിരുന്ന രാവിലെ 7.00 മണി തൃശൂർ നേരത്തെ നിർത്തലാക്കിയിരുന്നു. 6.00 മണി തൃശൂർ സമയ ക്ലിപ്തതയില്ലാതെയാണ് കുറച്ചു കാലമായി സർവ്വീസ് നടത്തിക്കൊണ്ടിരുന്നത്.
കുമളി സർവ്വീസ് നിർത്തൽ ചെയ്തത് കുട്ടിക്കാനം മേ വലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
മറ്റ് ഡിപ്പോകളിലെ വർക്ക്ഷോപ്പുകളിൽ കിടക്കുന്ന പാലാ ഡിപ്പോയുടെ ബന്ധുകൾ പോലും അറ്റകുറ്റപണികൾ തീർത്ത് സർവ്വീസിനെത്തിക്കുവാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം.സർവ്വീസുകൾ മുടക്കുന്നതോടെ 25-ൽ പരം താൽകാലിക ജീവനക്കാർക്ക് തൊഴിലും നഷ്ടമായി.
മറ്റുഡിപ്പോകളിൽ ഓടാതെ കിടക്കുന്ന ബസ്സുകളും സ്പെയർ ബസുകളും എത്തിച്ച് ജീവനക്കാരെയും ക്രമീകരിച്ച് ഷെഡ്യൂൾ മുടക്കം ഒഴിവാക്കുന്നതിന് ഡിപ്പോ അധികൃതർ ശ്രമിക്കാതെ സ്പെഷ്യൽ പൂളിൻ്റെ പേരുപറഞ്ഞ് കൈകഴുകി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഷെഡ്യൂൾ മുടക്കം ഒഴിവാക്കുവാൻ അടിയന്തിര നടപടി വേണമെന്നും യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു. യാത്രാ തടസ്സം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.





