ശബരിമല ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ യാത്ര ഇനി കൂടുതൽ സുഗമവും സുരക്ഷിതവുമാകും. തീർത്ഥാടകരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനും മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി പമ്പ–ചാലക്കയം റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
4.5 കിലോമീറ്റർ ദൈർഘ്യത്തിൽ 12 മീറ്റർ വീതിയിലാണ് 15 കോടി രൂപ ചെലവിൽ റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. ഭരണാനുമതി ലഭിച്ച് വെറും ഒരു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു.
സെപ്റ്റംബർ 17-ന് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ടെൻഡർ നടപടികൾ സെപ്റ്റംബർ 30-ന് പൂർത്തിയാക്കി. ഒക്ടോബർ 13-ന് ആരംഭിച്ച നിർമാണം നവംബർ 13-ന് തന്നെ പൂർത്തീകരിച്ചു. സർക്കാരിന്റെ ഇച്ഛാശക്തിയും വകുപ്പുകളുടെ ഏകോപനവും കൃത്യമായ ആസൂത്രണവും ഒത്തുചേർന്നാൽ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് പമ്പ–ചാലക്കയം റോഡ് എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ പറഞ്ഞു.





