വൈക്കം: ശിശുദിനത്തോടനുബന്ധിച്ച് കേരള സർക്കാർ നൽകുന്ന കുട്ടികൾക്കായുള്ള ഉജ്ജ്വല ബാല്യം പുരസ്കാരം വൈക്കം സ്വദേശിനിയും ലിസ്യൂ ഇംഗ്ലീഷ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ എസ്. സൂര്യഗായത്രി (കല്ലു) കരസ്ഥമാക്കി. കോട്ടയം ജില്ലയിൽ ആറു മുതൽ 11 വയസ്സുവരെയുള്ള വിഭാഗത്തിൽ മികച്ച നേട്ടങ്ങളും കഴിവുകളും പ്രകടിപ്പിച്ച കുട്ടികൾക്കുള്ള പുരസ്കാരത്തിനാണ് സൂര്യഗായത്രി അർഹയായത്.
2025 മാർച്ച് 22-ന് ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായലിന് കുറുകെ നീന്തിക്കടന്നാണ് സൂര്യഗായത്രി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഈ അപൂർവ പ്രകടനത്തിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയുടെ അംഗീകാരവും ലഭിച്ചു. കൂടാതെ 2025-ലെ കേരളീയം പുരസ്കാരത്തിനും അർഹയായി.
വൈക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ. സൈനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരുപത്തിയഞ്ചാമത്തെ വേൾഡ് റെക്കോർഡായിരുന്നു സൂര്യഗായത്രിയുടേത്.
നീന്തലിന് പുറമെ നൃത്തം, ചിത്രരചന, കരാട്ടെ, പഠനം തുടങ്ങിയ മേഖലകളിലും ഒരുപോലെ മികവ് പുലർത്തിയതാണ് പുരസ്കാരത്തിനായി സൂര്യഗായത്രിയെ പരിഗണിക്കുന്നതിൽ നിർണായകമായത്.
വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പിൽ വീട്ടിൽ സുമീഷ്–രാഖി ദമ്പതികളുടെ ഏക മകളാണ് കല്ലു എന്നറിയപ്പെടുന്ന എസ്. സൂര്യഗായത്രി.
കേരള സർക്കാരിന്റെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണയിൽനിന്ന് സൂര്യഗായത്രി പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീമതി ഷീബ ജോർജ് ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. പ്രിയദർശിനി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ഐ.എ.എസ്., ബാലതാരം കുമാരി വേദ ശങ്കർ, ശ്രീമതി സിസിലി ജോസഫ്, ശ്രീമതി രാഖി രവികുമാർ, ശ്രീമതി എസ്. എൻ. ശിവന്യ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ശ്രീമതി വിഘ്നേശ്വരി ഐ.എ.എസ്. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വേമ്പനാട് കായലിലെ സാഹസിക നീന്തൽ നേട്ടത്തിലൂടെ ദേശീയ-അന്തർദേശീയ റെക്കോർഡ് അംഗീകാരങ്ങൾ നേടിയ സൂര്യഗായത്രിക്ക് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം കൂടി ലഭിച്ചത് വൈക്കത്തിന് അഭിമാനകരമായി.





