പാലാ: രാജ്യസേവനത്തിലും കായികരംഗത്തും വിദ്യാഭ്യാസത്തിലും കലാരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചവരെ ആദരിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ഗാന്ധിജയന്തി ആഘോഷം. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സൈനികർ, വിദ്യാർഥികൾ, കായികതാരങ്ങൾ, കലാകാരൻമാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. മന്ത്രി മോൻസ് ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ചാവറ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. പോൾസൺ കൊച്ചുകണിയാംപറമ്പിൽ, സന്തോഷ് മരിയസദനം, നഗരസഭ മുൻ ചെയർപേഴ്സൺ ദിയ ബിനു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു വരിക്കയാനി, പ്രിൻസി സണ്ണി, കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, റോയി ഫ്രാൻസിസ്, സിജി ടോണി, ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, സജോ വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥരായ സുബേദാർ മേജർ എബ്രഹാം കെ. തോമസ്, ജൂനിയർ വാറന്റ് ഓഫീസർ രാജഗോപാൽ ടി. കെ., സർജന്റ് എം. സി. അലക്സ്, ചീഫ് പെറ്റി ഓഫീസർ ജോർജ് തോമസ്, നായിക് മനോഹരൻ നായർ പി. ജി., കോർപ്പറൽ മദന മോഹനൻ നായർ, സർജന്റ് ബേബി ജോസഫ് മൂലയിൽ തോട്ടത്തിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിനും പുരസ്‌കാരം നൽകി.
ടോം മാട്ടേൽ (സിനിമ), ഉല്ലാസ് എ. പി.(ഗ്രാഫിക് ഡിസൈൻ) സുനിൽ പാലാ (പത്രപ്രവർത്തനം), പാരാ ഹോക്കിയിൽ ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം സൂരജ് ബിജു എന്നിവരും പുരസ്‌കാരത്തിന് അർഹരായി. ഗാന്ധി സ്ക്വയറിന്റെ സംരക്ഷകരായ ഒ. എസ്. പ്രകാശ്, റോയി മാത്യു, തങ്കച്ചൻ ജോസഫ് എന്നിവരെയും ആദരിച്ചു.
ലണ്ടനിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സ് സയൻസിൽ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാർഥി പാട്രിക് ഐബിയും പുരസ്‌കാരം ഏറ്റുവാങ്ങി.





