Poonjar

പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു

പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കാമ്പസ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവിന്റെ ഒന്നാം ഘട്ടം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30-ന് ആരംഭിച്ച ചടങ്ങിൽ എൻ.എസ്.എസ് യൂണിറ്റ് 99 പ്രോഗ്രാം ഓഫീസർ അൽ-സഹീർ എസ്. എസ്. സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എസ്.എസ് യൂണിറ്റ് 73 പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ്. നിർവ്വഹിച്ചു.

സാക്ഷരതാ വാരത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ നടത്തിയ മത്സരത്തിൽ നിന്നാണ് ‘പുലരി’ എന്ന പേര് തെരഞ്ഞെടുത്തത്. ഈ പേര് നിർദ്ദേശിച്ച വിദ്യാർത്ഥിനി ഫാത്തിമത്ത് റിയയെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. തുടർന്ന് ബി.ടെക്, ഡിപ്ലോമ വിഭാഗങ്ങളിലെ എൻ.എസ്.എസ് വോളന്റിയർമാർ ശുചീകരണത്തിൽ സജീവമായി പങ്കെടുത്തു.

കോളേജ് മെയിൻ ഗേറ്റ് പരിസരവും അവിടേക്കുള്ള നടപ്പാതകളും സ്റ്റെപ്പുകളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. മഴവെള്ളത്തിൽ ഒഴുകിയെത്തി അടിഞ്ഞുകൂടിയ മണ്ണും, പരിസരത്തെ കാടുകളും മരച്ചില്ലകളും വോളന്റിയർമാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. തുടർന്ന് പ്രഷർ വാഷർ ഉപയോഗിച്ച് നടപ്പാതകളും പരിസരവും കഴുകി വൃത്തിയാക്കി.

നാട്ടുകാരുടെയും സമീപത്തെ വ്യാപാരികളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയും സഹകരണവുമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അൽ-സഹീർ എസ്. എസ്., അഖിൽ കെ. എസ്., ജെഫ്സിൻ ജോസഫ്, മാർട്ടിൻ ജെയിംസ് എന്നിവർക്ക് പുറമെ അധ്യാപകരായ സുമന്ന, ഇമ്മാനുവൽ, മത്തായി (ലൈബ്രറി), എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറിമാരായ ഡോൺ, ഗോപിക, ധനുഷ്, ആദിത്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോളേജിലെ സെക്യൂരിറ്റി ജീവനക്കാരും കാന്റീൻ ജീവനക്കാരും ഉൾപ്പെടെയുള്ള അനധ്യാപക ജീവനക്കാരും ആവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. ഹരിത കാമ്പസ് മിഷന്റെയും എൻ.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിലും തുടർ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *