ഏറ്റുമാനൂർ: ട്രെയിനിൽനിന്നു വീണ് റെയിൽപാളത്തിൽ കിടന്ന യുവാവിന് രക്ഷകനായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനായ കെ.എസ്. നോബിൾ. റെയിൽവേയിൽ ഗാങ് മേറ്റ് ആണ് നോബിൾ. ഇക്കഴിഞ്ഞ തിരുവോണദിനത്തിൽ കീമാൻ ഡ്യൂട്ടി നോക്കേണ്ട ചുമതല നോബിളിനായിരുന്നു.
പതിവ് പോലെ രാവിലെ ലൈൻ പരിശോധിച്ച് ഏറ്റുമാനൂർ യാർഡ്, അതിരമ്പുഴ ലെവൽ ക്രോസ്സ് എന്നിവ കടന്ന് മുന്നോട്ട് പോകവേ രാവിലെ 9.30നാണ് പാറോലിക്കൽ ഗേറ്റിന് 300 മീറ്റർ അകലെ തെക്കുഭാഗത്തായി ട്രെയിൻ യാത്രക്കിടെ വാതിൽ തട്ടി തെറിച്ചു പുറത്തേക്ക് വീണ യുവാവിനെ അതീവ ഗുരുതര അവസ്ഥയിൽ ട്രാക്കിന് സമീപത്തു കാണുന്നത്.
അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ ജീവൻ ഉണ്ടെന്നും നേരിയ ബോധം ഉണ്ടെന്നും മനസിലായി. സംസാരിച്ചപ്പോൾ തിരുവല്ല കുറ്റൂർ സ്വദേശി ആണെന്നും, വെളുപ്പിനുള്ള പാലക്കാട് നിന്ന് വരുന്ന ട്രെയിനിൽ നിന്നാണ് വീണതെന്ന് അറിഞ്ഞത്. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്റർ,പോലീസ് എന്നിവരെ വിവരം അറിയിച്ചു.
തത്സമയം അതിരമ്പുഴ ലെവൽ ക്രോസ്സിലൂടെ കടന്ന് പോകുകയായിരുന്ന ഏറ്റുമാനൂർ പോലീസ്
അപകടം സ്ഥലത്ത് ഉടനെ എത്തുകയും യുവാവിനെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഡ്യൂട്ടിക്കിടെ ജീവൻ രക്ഷിക്കുന്നത് നോബിളിന് ഇത് ആദ്യ അനുഭവമല്ല. 2019-ലും ട്രെയിനിൽ നിന്ന് വീണ ഒരാളെ സമയോചിതമായി ഇടപെട്ട് രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് നോബിൾ പറഞ്ഞു. 19 വർഷമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന മേലുകാവ് മോസ്കോ സ്വദേശിയായ നോബിൾ കുറങ്ങാട്ട് കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ. മക്കൾ: റീന, റെനി.ഈ വർഷം അവസാനത്തോടെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുന്ന നോബിളിന് ഇതൊരു നിയോഗമായി.





