Crime

കൂട്ടിക്കലിൽ വീസ തട്ടിപ്പ്; ഏജൻറ് ഒളിവിൽ

കൂട്ടിക്കൽ : വിദേശരാജ്യങ്ങളിൽ വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ ഒളിവിൽ. കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറാണ് ഒളിവിൽ പോയത്. ഏറെ നാളായി വിവിധ പേരുകളിലായി പ്രവർത്തിച്ചു വന്ന ട്രാവൽ ഏജൻസി മുണ്ടക്കയം പൊലീസ് അടച്ചു.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ നൽകാമെന്നു പറഞ്ഞ് 4 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാങ്ങി വീസ നൽകാതിരുന്നതിനെ തുടർന്നാണ് ഏജൻസിക്കെതിരെ പരാതി ഉയർന്നത്. കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

വീസയ്ക്കായി വീടു വിറ്റ് പണം നൽകിയവർ വരെ കഴിഞ്ഞ ദിവസങ്ങളിൽ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രണ്ട് ദിവസമായി ട്രാവൽ ഏജൻസി പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് ആളുകൾ പരാതിയുമായി എത്തിയത്.

വരും ദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. വിവിധ സ്റ്റേഷനുകളിൽ പോലീസ് രെജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ അന്വേഷണം നടത്തിയാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാവുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *