General

വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ ശ്രേഷ്ഠ ജനസംഗമം സംഘടിപ്പിച്ചു

വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ച ശ്രേഷ്ഠ ജനസംഗമം 2026 മാർച്ച് 21 ശനിയാഴ്ച അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു.

എസ്. എം. വൈ. എം. അൽഫോൻസാഗിരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ സംഗമം ഇടവകയിലെ മുതിർന്ന തലമുറക്ക് ആദരവും സ്നേഹവും അർപ്പിക്കുന്ന ഒരു അവിസ്മരണീയ അനുഭവമായി മാറി.

രാവിലെ 10 മണിക്ക് കുമ്പസാരത്തോടുകൂടി ദൈവാലയത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക ശുശ്രൂഷ വിശുദ്ധ കുർബാനയോട് കൂടി സമാപിച്ചു. പരിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികനായിരുന്നത് പാലാ രൂപതയുടെ വികാരി ജനറാൽ റവ. ഫാ. ജോസഫ് കണിയോടിക്കൽ അച്ചനായിരുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവകയുടെ പാരിഷ് ഹാളിൽ ചേർന്ന പൊതു സമ്മേളനത്തിൽ എസ്. എം. വൈ. എം. ജനറൽ സെക്രട്ടറി കുമാരി എയ്ഞ്ചൽ മരിയ ജയ്സൺ യോഗത്തിന് സ്വാഗതമാശംസിച്ചു. സമ്മേളനത്തിൻ്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് എസ്. എം. വൈ. എം. ജോയിൻ്റ് ഡയറക്ടർ ബഹുമാനപ്പെട്ട സിസ്റ്റർ റാണിറ്റ എസ്. എച്ച്. ആയിരുന്നു.

സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പാലാ രൂപതയുടെ വികാരി ജനറാൽ റവ. ഫാദർ ജോസഫ് കണിയോടിക്കൽ അച്ചായിരുന്നു. കണിയോടിക്കൽ അച്ചനോടൊപ്പം ഇടവകയിലെ ഏറ്റവും മുതിർന്ന അംഗമായ ശ്രീ വി. ഓ. ജോസഫ് വാക്കയിൽ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇടവകയുടെ ഏറ്റവും മുതിർന്ന തലമുറക്ക് ഈ ബഹുമതി നൽകിയ ആ നിമിഷം സദസ്സ് ഹൃദ്യമായ കരഘോഷത്തോടെ ഏറ്റുവാങ്ങി.

അൽഫോൻസാഗിരി ഇടവക വികാരി ഫാ. ജോൺ കൂറ്റാരപ്പള്ളിൽ സദസ്സിനെ അഭിവാദ്യം ചെയ്ത് ആശംസകൾ അർപ്പിച്ചു. ഒടുവിൽ മാതൃവേദി സെക്രട്ടറി ശ്രീമതി ലൈസാമ ലൂയിസ് നന്ദിപ്രസംഗം നടത്തി.

പരിപാടിയിൽ പങ്കെടുത്ത എല്ലാ മുതിർന്ന അംഗങ്ങൾക്കും മനോഹരമായ സ്നേഹ സമ്മാനം നൽകി ആദരിച്ചു. സ്നേഹ വിരുന്നോടുകൂടി ഉച്ചയ്ക്ക് 12:30 ന് സമ്മേളനം സന്തോഷകരമായി സമാപിച്ചു. ഇടവകയിലെ മുതിർന്ന തലമുറക്ക് ആദരവ് അർപ്പിക്കാൻ ഒരവസരം ഒരുക്കിയ എസ്. എം. വൈ. എം. അംഗങ്ങളെ ഇടവകക്കാർ ഒന്നടങ്കം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *