General

ഇളംകാട് പാലം ഉദ്ഘാടനം 27ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.

വൈകുന്നേരം അഞ്ചുമണിക്ക് ഇളംകാട് ടൗണിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ സ്വാഗതം ആശംസിക്കും.

മുൻ എംഎൽഎ കെ.ജെ തോമസ് , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.ജീരാജ്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഷിജി കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കിരൺ രാജൻ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജീമോൾ ഷിബു , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജോ കാരക്കാട്ട്, പി.ജി ദിനേശൻ,

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജോയ് ജോസ് മുണ്ടുപാലം, പി. എസ് സജിമോൻ, സിന്ധു മുരളീധരൻ , രജനി സുധീർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവർത്തകരുമായ എം. എസ് മണിയൻ, കെ.എൻ വിനോദ്, അഡ്വ. ശുഭേഷ് സുധാകരൻ, വി. വി സോമൻ, കൊപ്ലി ഹസ്സൻ, മജേഷ് പി. എം , സിഡിഎസ് ചെയർപേഴ്സൺ ബിസ്മി സൈനുദ്ദീൻ, വ്യാപാരി വ്യവസായി പ്രതിനിധി സജിമോൻ കൈപ്പൻപ്ലാക്കൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ റാണി വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിക്കും.

2021ലെ പ്രളയത്തിൽ ഇവിടെ നിലവിൽ ഉണ്ടായിരുന്ന പാലം തകരാറിലായതിനെത്തുടർന്ന് വാഹനഗതാഗതം ഏറെ തടസ്സപ്പെട്ട നിലയിലായിരുന്നു. ഇളംകാട് ടൗൺ ഭാഗത്തുള്ള വളരെ പ്രധാനപ്പെട്ട ഒരു പാലം എന്ന നിലയിലും, പ്രതിദിനം 40 ഓളം ബസ് സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന സഞ്ചരിച്ചിരുന്ന ഈ റൂട്ടിൽ എല്ലാവിധ വാഹന സഞ്ചാരങ്ങളും നിലച്ചതോടുകൂടി ജനങ്ങൾ ഏറെ ദുരിതത്തിൽ ആയിരുന്നു.

ഈ സാഹചര്യത്തിലാണ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിപ്പിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി നേടിയത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എൻജിനീയർമാരുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച ഈ പാലമാണ് 27ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്നത്.

ഇപ്പോൾ ഇളംകാട്ടിൽ നിന്നും 17 കോടി രൂപ അനുവദിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് നിർമ്മാണം നടന്നുവരികയാണ്. പ്രസ്തുത റോഡിന്റെ ഉപയോഗവും ഈ പാലം യാഥാർത്ഥ്യമായാൽ മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനാൽ തന്നെ നാടിന്റെ വികസനത്തിൽ ഏറ്റവും പ്രയോജനപ്രദമായ ഒരു സാഹചര്യമാണ് ഈ പാലം യാഥാർത്ഥ്യമായതിലൂടെ കൈവന്നിരിക്കുന്നത്.

ഇളംകാട് ടൗണിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് കൂട്ടിക്കൽ പ്രളയ ദുരന്തത്തിന്റെ മറ്റൊരു പ്രതിസന്ധി കൂടി മറികടന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉളവാകും.

Leave a Reply

Your email address will not be published. Required fields are marked *