General

പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്.

മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *