Kottayam

കോട്ടയത്ത് അപരന്മാരെ ഇറക്കിയ ഇടതുപക്ഷ നടപടി തികച്ചും അപഹാസ്യം: അഡ്വ. മോൻസ് ജോസഫ് എംഎൽഎ

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരുതരത്തിലും വിജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിക്കും അവരുടെ മുന്നണിക്കും ഉത്തമബോധ്യം ഉണ്ടായതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെതിരെ എൽഡിഎഫ് നേതൃത്വം നേരിട്ട് ഇടപെട്ട് രണ്ട് അപരൻമാരായ സ്ഥാനാർഥികളെ കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചതെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറും കേരള കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.

ഇടതുപക്ഷമുന്നണി കോട്ടയത്ത് അപരന്മാരെ ഇറക്കിയതിലൂടെ തികച്ചും അധാർമികവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ലോക്സഭ ഇലക്ഷനിൽ എൽ ഡി എഫ് കാണിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിൻ്റെ തികച്ചും അപഹാസ്യമായ അപര നാടകത്തിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഇതിനോടകം ഉയർന്നുവന്നിട്ടുള്ളത്.

കോട്ടയത്ത് പരാജയഭീതി പൂണ്ട എൽഡിഎഫ് നേതൃത്വം യുഡിഎഫ് വോട്ടുകൾ ആശയക്കുഴപ്പത്തിലാക്കി കള്ള പ്രചാരവേലയിലൂടെ രക്ഷപ്പെടാം എന്നുള്ള വ്യാമോഹമാണ് ഇക്കൂട്ടർ കാണിച്ചിരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും കർഷക ജനതയും കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ പ്രബുദ്ധരായ സമ്മതിദായകരും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും അപഹാസ്യമായ ഈ നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി .

കേരള കോൺഗ്രസ് നേതാവ് കെ എം മാണി സാർ ജീവിച്ചിരുന്നെങ്കിൽ ഇത്തരം തറ വേലകൾ അനുവദിക്കില്ലായിരുന്നുവെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ കെഎം മാണി സാറിൽ നിന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലേക്ക് കേരള കോൺഗ്രസ് എം വിഭാഗം എത്തിച്ചേർന്നതിൻ്റെ പുതിയ രൂപമാണ് ഇപ്പോൾ കാണുന്ന വിലകുറഞ്ഞ പ്രവർത്തന ശൈലിയെന്ന് വ്യക്തമാണ്.

അപരന്മാരെ ഇറക്കിയതിൽ നിന്ന് എൽഡിഎഫ് നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. അപരൻമാരിൽ ഒരാൾ കോട്ടയം ജില്ലയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും രണ്ടാമത്തെ ആൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും ആണെന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്.

എൽഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ച് കോട്ടയത്ത് കൊണ്ടുവന്ന അപരന്മാരുടെ കുതന്ത്രത്തെ, നേരായ മാർഗ്ഗത്തിലൂടെ കോട്ടയത്ത് യുഡിഎഫ് കരയ്ക്ക് കയറ്റുമെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

സത്യസന്ധവും ധാർമികത പുലർത്തുന്നതുമായ രാഷ്ട്രീയ പ്രവർത്തനത്തിനാണ് യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേതൃത്വം നൽകുന്നത്. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ എൽഡിഎഫ്- എൻ ഡി എ മുന്നണികളെ പരാജയപ്പെടുത്താൻ കോട്ടയത്ത് യുഡിഎഫിന് കഴിയുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.

യു ഡി എഫ് സ്ഥാനാർഥിയുടെ ചിഹ്നവും ബാലറ്റിലെ ക്രമനമ്പരും വിപുലമായ പ്രചാരണ പരിപാടിയിലൂടെ ജനങ്ങളുടെ മനസ്സിൽ എത്തിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ ഉജ്വല വിജയം സമ്മാനിക്കുമെന്ന് ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ കൂടിയായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *