ഈരാറ്റുപേട്ട: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പച്ചതുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പസിനുള്ളിൽ മാനേജ്മെന്റ് അനുവദിച്ചു നൽകിയ 25 സെന്റ് സ്ഥലത്ത് ആണ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയ്യാറാക്കിയത്.
ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ 50ൽ പരം ഇനങ്ങളിലായി നൂറോളം സസ്യ ങ്ങളാണ് ഈ പച്ചത്തുരുത്ത് വനത്തിൽ ഉള്ളത്.
ബോട്ടണി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ വനത്തിന്റെ സംരക്ഷണവും പരിപാലനവും നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹരിതാഭയും കാർഷിക സംസ്കാരവും പാഠപുസ്തകങ്ങളോട് ചേർത്തുവച്ചിട്ടുള്ള അരുവിത്തുറ കോളേജിന്റെ ജൈവ പരിസരം മുമ്പും അംഗീകാരങ്ങൾക്ക് അർഹത നേടിയിട്ടുണ്ട്. പുരസ്കാരം ലഭിക്കാൻ അർഹരായ അധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.