പാലാ : ആദ്യകാല വോളിബോൾ താരവും പൈക പുതിയിടം ആശുപത്രി ഉടമയുമായ ഡോ. ജോർജ് മാത്യു പുതിയിടം (72) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കാരിത്താസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം പൈക പള്ളിയിൽ സംസ്‌കരിക്കും.
നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വോളിബോൾ താരമാണ്. ജിമ്മി ജോർജ്, ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് പഠന കാലത്ത് മിമിക്രി താരവുമായിരുന്നു ഡോക്ടർ.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും ഡൽഹിയിലെ ഐഎംഎ കോളേജ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ നിന്ന് ഫാമിലി മെഡിസിനിൽ ഫെലോഷിപ്പും നേടി.
ചെന്നൈയിലെ മോഹൻ ഡയബറ്റിക് സെന്ററിൽ നിന്ന് ഡയബറ്റോളജിയിൽ (സിസിഡിഎം) ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്‌സും അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നിന്ന് ഡയബറ്റിക് റെറ്റിനോപ്പതിയും (സിസിഡിആർ) പൂർത്തിയാക്കി.
ഭാര്യ: ജെസ്സി ജോർജ് (പൈക പുതിയിടം ആശുപത്രിയി അഡ്മിനിസ്ട്രേറ്റർ). മകൾ: ഡോ. റോസ്മേരി (നേത്രരോഗവിദഗ്ദ്ധ) മരുമകൻ: ഡോ. തോമസ് ആഞ്ചലോ സ്കറിയ (ഓർത്തോപീഡിക് സർജൻ ഹാൻഡ് ആൻഡ് മൈക്രോസർജറി സൂപ്പർ സ്പെഷ്യലിസ്റ്റ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പുഷ്പഗിരി).