ഈരാറ്റുപേട്ട: ആഭ്യന്തര വകുപ്പ് ആർ.എസ്.സുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ.എ ഷെഫീഖ് ആവശ്യപെട്ടു.
ആർ.എസ്.എസ് പിണറായി പോലീസ് കൂട്ടുകെട്ട് കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഒക്ടോബർ 1 മുതൽ 15 വരെ വെൽഫെയർ പാർട്ടി സംസ്ഥാനത്ത് ഉടനീളം നടത്തിവരുന്ന ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട തെക്കേകരയിൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആർ. എസ്. എസ്. ബന്ധമുള്ള ഉപദേഷ്ടാക്കൾ എഴുതി കൊടുക്കുന്ന നുണകൾ മാത്രം വായിക്കാനുള്ള ഉപകരണമായി മുഖ്യമന്ത്രി മാറി. സംഘ്പരിവാർ നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത് അങ്ങേയറ്റം അപഹാസ്യമാണന്നും ആ സ്ഥാനം രാജി വെച്ചൊഴിയണമെന്നും അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡൻ്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലവൈസ് പ്രസിഡന്റ് പി.എ നിസാം ജില്ല സെക്രട്ടറി അൻവർ ബാഷ, വിമൺ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ല പ്രസിഡന്റ് ജയമോൾ എ.കെ, എഫ് .ഐ .റ്റി യു. ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് പി.എസ് സമീർ, യൂസഫ് ഹിബ , ഫൈസൽ കെ.എച്ച്, തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് യാസിർ പുള്ളോലി എന്നിവർ പങ്കെടുത്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് കെ. കെ. എം. സാദിഖ് സ്വാഗതവും മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ്. വി. എം.ഷഹീർ നന്ദിയും പറഞ്ഞു.