ഈരാറ്റുപേട്ട: കോടതിയിൽനിന്ന് കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയും വിദ്വേഷ പ്രചാരണം തുടരുന്ന പി.സി. ജോർജിനെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുന്ന കേരള സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ പ്രതീകാത്മക അറസ്റ്റ് ചെയ്യൽ സമരവുമായി വെൽഫെയർ പാർട്ടി.
വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായി. ചേന്നാട് കവലയിൽനിന്ന് ജനകീയമായി അറസ്റ്റ് രേഖപ്പെടുത്തിയ “പി.സി. ജോർജിനേയും പി.സി. ജോർജിന് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയേയും പോലീസിനേയും” ചിത്രീകരിച്ച് സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടമായി എത്തിയാണ് പാർട്ടിയുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
പി.സി. ജോർജിന് ആവശ്യമായ ഒത്താശ ചെയ്യാനും ചൂടിൽനിന്ന് ശമനമായി വീശിക്കൊടുക്കാനും വസ്ത്രങ്ങൾ ശരിയാക്കി കൊടുക്കാനും ഷൂ ധരിപ്പിക്കാനും മത്സരിക്കുന്ന മുഖ്യമന്ത്രിയും പോലീസും വേറിട്ട കാഴ്ചയായി.
മുട്ടം കവല ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ച പ്രകടനം പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു.

അറസ്റ്റ് ചെയ്താൽ പി.സി. ജോർജിന് മൈലേജുണ്ടാകുമെന്ന അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അത്തരമൊരു നിലപാടെടുത്താൽ സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുകാരുൾപ്പെടെ ആരേയും അറസ്റ്റ് ചെയ്ത് നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാവുക.
പി.വി. അൻവറിനേയും എം.എം. അക്ബറിനേയും മഅ്ദനിയേയും അറസ്റ്റ് ചെയ്യുമ്പോൾ ഇല്ലാതിരുന്ന ഈ വാദം ഇപ്പോൾ സംഘ്പരിവാറിന് വേണ്ടി സർക്കാർ കടമെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി. ജോർജിനുള്ള പിന്തുണ ഈരാറ്റുപേട്ടക്കാർ പിൻവലിച്ചതു മുതലാണ് ഈ നാട്ടുകാർ വർഗീയവാദികളും തീവ്രവാദികളുമായി മാറിയത്.
പി.സി. ജോർജിനെ ആദ്യമായി നിയമസഭയിലേക്ക് എത്തിച്ചത് ഈരാറ്റുപേട്ടക്കാരാണ്. പി.സി. ജോർജ് ഏത് മുന്നണിയിലായിരുന്നു ആ മുന്നണിയിലായിരുന്നു അക്കാലമത്രയും ഈരാറ്റുപേട്ടക്കാരും. എന്നാൽ സംഘ്പരിവാർ ആലയത്തിൽ കൂട്ടുകൂടിയതുമുതലാണ് ഈരാറ്റുപേട്ടക്കാർ പി.സി. ജോർജിനെ വിട്ടുപോയതെന്ന് ഹസീബ് പറഞ്ഞു.
ഇല്ലാത്ത ലവ് ജിഹാദിന്റെ പേരു പറഞ്ഞ് വീണ്ടും കുളംകലക്കാനാണ് ജോർജ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോടതിപോലും തള്ളിക്കളഞ്ഞ ഒരു വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ഛിദ്രത വളർത്താൻ ശ്രമിക്കുന്ന ജോർജിനെതിരെ ജാമ്യം റദ്ദാക്കി നടപടിയെടുക്കാൻ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഫിർദൌസ് റഷീദ് സ്വാഗതം പറഞ്ഞു. വി.എം. ഷെഹീർ നന്ദി പറഞ്ഞു. ഫൈസൽ കെ.എച്ച്, യൂസുഫ് ഹിബ, നോബിൾ ജോസഫ്, സാജിദ് കെ.എ, യൂസുഫ് പുതുപ്പറമ്പിൽ, അസീസ് വഞ്ചാങ്കൽ, വി.എം. ബാദുഷ, വി.എം. സലീം, സിയാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.