Moonnilavu

രോഗികൾക്ക് സ്വാന്തന സ്പർശമേകുന്ന ഡോക്ടർമാർക്ക് സ്നേഹാദരവുമായി വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർമാരുടെ ദിനമായി ജൂലൈ ഒന്നിന് ഡോക്ടർമാരെ ആദരിച്ചു. ജീവൻ രക്ഷിക്കാനും ആയുർദൈർഘ്യം മെച്ചപ്പെടുത്താനും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിൻ്റെ സൈനികരാണ് ഡോക്ടർമാർ എന്ന് കുട്ടികൾ അനുസ്മരിച്ചു.

നമ്മുടെ ആരോഗ്യത്തിന് അവർ നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾ പറഞ്ഞു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ. സൈനുദ്ദീൻ, ഡോ. മെർലിൻ എന്നിവർക്ക് പൂച്ചെണ്ടുകൾ നൽകി കുട്ടികൾ ആശംസകൾ നേർന്നു.

പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഡോക്ടർമാർ വഹിക്കുന്ന നിർണായകമായ പങ്കിനെ കുട്ടികൾ അഭിനന്ദിച്ചു. മൂന്നിലവ് ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഡോ. കാശ്മീര എ യെ സന്ദർശിച്ച് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്നേഹാദരവ് പ്രകടിപ്പിച്ചു.

മരുന്നുകൾക്കപ്പുറമുള്ള മായികമായി ഒരു ദിവ്യശേഷി സ്നേഹാർദ്രമായ രോഗീപരിചരണത്തിനുണ്ട് എന്ന് കുട്ടികൾ ഓർമിക്കുകയും ഡോക്ടർക്ക് നന്ദി പറയുകയും ചെയ്തു.

കരുതലിന്റെയും ആശ്വാസത്തിൻ്റെയും തലോടലാണ് ഡോക്ടർമാരുടെ സാന്നിധ്യം എന്ന് മൂന്നിലവ് ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ എത്തിയ കുട്ടികൾ അഭിപ്രായപ്പെടുകയും മെഡിക്കൽ ഓഫീസർ ഡോ. നിമ്മി ജോർജിനെ കണ്ട് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.

മുൻ ബംഗാൾ മുഖ്യമന്ത്രിയും സ്വാതന്ത്യ സമരസേനാനിയും പ്രശസ്ത ഡോക്ടറുമായ ഡോ. ബിധൻചന്ദ്ര റോയുടെ സ്മരണാർത്ഥം എല്ലാ വർഷവും ഇന്ത്യയിൽ ജൂലായ് 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു. അദ്ദേഹം ജനിച്ചതും മരിച്ചതും ജൂലായ് ഒന്നിനായിരുന്നു.

ജനങ്ങളുടെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്രപരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ നന്ദി അറിയിക്കാനുള്ള അവസരമായാണു സർക്കാർ 1991 മുതൽ ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്. വളരെ ഏറെ ത്യാഗങ്ങൾ സഹിച്ചാണു 24 മണിക്കൂറും ജനങ്ങൾക്ക് സേവനമുറപ്പിക്കുന്ന കർത്തവ്യം ഡോക്ടർമാർ നിർവ്വഹിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ സമൂഹം ആദരിക്കുന്നതിനായി ഒരവസരം എന്ന നിലയിലാണു ഡോക്ടേഴ്‌സ്‌ ഡേ ആചരിക്കുന്നത്.

പകർച്ചവ്യാധി സാഹചര്യങ്ങളെയും മെഡിക്കൽ അത്യാഹിതങ്ങളെയും തരണം ചെയ്യുന്നതിൽ ഓരോ ഡോക്ടർമാരും നടത്തുന്ന ശ്രമങ്ങളെ നാം ആദരിക്കുകയും അഭിനന്ദിക്കുകയും വേണമെന്ന് കുട്ടികൾ സമൂഹത്തെ ഉദ്ബോധിപ്പിച്ചു.

ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അധ്യാപകരായ ജോസഫ് കെ വി, മനു ജെയിംസ്, അലൻ അലോഷ്യസ് മാനുവൽ, മനു കെ ജോസ്, സി. പ്രീത, ഷിനു തോമസ്, സോയ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *