വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ അനിൽകുമാർ പി ആർ, ബിബിൻകാന്ത് എം.ബി എന്നിവരെ വൈക്കം എക്സൈസ് പിടികൂടി.
പ്രതികൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തിരുന്ന വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള മാധവം പുതുശ്ശേരിൽ വീട് കേന്ദ്രീകരിച്ചാണ് ഗഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്.
അനിൽകുമാറിനെ വെച്ചൂർ ബണ്ട്റോഡ് ഭാഗത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് നിരവധി തവണ പോലീസും എക്സൈസും കേസെടുത്തിട്ടുണ്ടെങ്കിലും ഫൈൻ അടയ്ക്കുന്ന ശിക്ഷ മാത്രമുള്ളതിനാൽ വീണ്ടും വിൽപ്പന തുടർന്ന് വരികയായിരുന്നു.
ബിബിൻകാന്ത് എം.ബി, അനിൽകുമാർ പി .ആർ എന്നിവർ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ കൂടെ കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് അനിൽകുമാർ പി ആർ വാടകയ്ക്ക് എടുത്ത വീട് അന്വേഷിച്ചു കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.
നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം വെച്ചൂർ മേഖലയിലെ ക്രിമിനൽ കേസിൽ പെടുന്ന യുവാക്കൾക്ക് കേസ് നടത്തുന്നതിനും മറ്റും നൽകുന്നതായി വിവരം ലഭിച്ചു. അങ്ങനെ ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ ലഹരിയിൽ കുടുക്കി ഒരു ക്രിമിനൽ സംഘം ആക്കി മാറ്റുന്ന ഒരു കേന്ദ്രമായി ഈ വാടക വീട് മാറിയിരിക്കുകയായിരുന്നു.
ഇങ്ങനെ ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ഉപയോഗിച്ച് പൊതുജനങ്ങളെയും പരാതി പറയുന്നവരെയും ഭീഷണിപ്പെടുത്തുക ഈ സംഘത്തിൻ്റെ പതിവാണ്. ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ചൈനീസ് പടക്കങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്നു.
ഇത്തരം അനധികൃത നിരോധിത പുകയില ഉൽപന്ന കടകൾ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പുകൾ സ്വീകരിച്ചാൽ പോലീസ് എക്സൈസ് അധികാരികളുടെ സഹകരണം ലഭിക്കുന്നതാണെന്നും അറിയിച്ചിട്ടുള്ളതാണ്.